ഇരവിപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് കണ്ടെയ്ൻമെമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള ഡിവിഷനുകളിൽ ഇരവിപുരം പൊലീസ് ഡ്രോൺ നിരീക്ഷണം ശക്തമാക്കി. ആക്കോലിൽ, വാളത്തുംഗൽ, തെക്കുംഭാഗം ഡിവിഷനുകളിലാണ് നിരീക്ഷണം നടത്തുന്നത്. കാക്കത്തോപ്പ് മുതൽ താന്നി വരെയുള്ള തീരപ്രദേശങ്ങളിലും വാളത്തുംഗൽ അജയൻമുക്ക്, ആക്കോലിൽ സുനാമി ഫ്ളാറ്റ്, കൂട്ടിക്കട ഭാഗങ്ങളിൽ നിരീക്ഷണം നടത്തും. ഈ പ്രദേശത്തുള്ളവരുടെ ചെറുചലനം പോലും പൊലീസിന് ഡ്രോണിലൂടെ ലഭിക്കും.
ഈ പ്രദേശങ്ങളിലെ ചെറുറോഡുകൾ പോലും നിലവിൽ അടച്ചിരിക്കുകയാണ്. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ ആരെയും പുറത്തുപോകുവാൻ അനുവദിക്കുന്നില്ല. പല ഭാഗങ്ങളിലും പൊലീസ് പിക്കറ്റും ഏർപ്പെടുത്തിയിട്ടുണ്ട്.
കൊവിഡ് ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലം മരിച്ച വാളത്തുംഗൽ സ്വദേശിയുടെ കുടുംബത്തിലെ അഞ്ചുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നിരീക്ഷണം ശക്തമാക്കിയത്. നിരീക്ഷണത്തിനൊപ്പം ബോധവത്കരണ അനൗൺസ്മെന്റും നടത്തുന്നുണ്ട്. ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ കെ. വിനോദ്, എസ്.ഐമാരായ എ.പി. അനീഷ്, ബിനോദ് കുമാർ, ദീപു എന്നിവർ നിരീക്ഷണത്തിന് നേതൃത്വം നൽകും.