xray
ആമയുടെ എക്സ്റേ

കൊല്ലം: തൊണ്ടയിൽ മീൻ ചൂണ്ട കുടുങ്ങിയ ആമയെ ജില്ലാ വെറ്ററിനറി കേന്ദ്രം ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു. അനസ്ത്യേഷ്യ നൽകി അന്നനാളത്തിൽ ഈസോഫാഗോട്ടമി ശസ്ത്രക്രിയ നടത്തിയാണ് ചൂണ്ട പുറത്തെടുത്തത്. തേവലക്കര കടപ്പയിൽ വീട്ടിൽ അനന്തുവാണ് വീടിന് സമീപമുള്ള കുളത്തിൽ ചൂണ്ട വിഴുങ്ങി അവശനിലയിലായ ആമയെ കണ്ടത്.

ഇന്ത്യൻ ഫ്ളാപ്പ് ഷെൽടർട്ടിൽ ഇനത്തിൽ പെട്ട ആമയെ ഉടൻ തന്നെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ എത്തിച്ചു. ചൂണ്ട നൂൽ വലിച്ച് പുറത്തെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ നടത്തിയ എക്സറേ പരിശോധനയിൽ അന്നനാളത്തിലൂടെ ചൂണ്ട തോടിനുള്ളിലേക്ക് കയറിയ നിലയിലാണെന്ന് കണ്ടെത്തി. തുടർന്ന് ശസ്ത്രക്രിയ നടത്തി ചൂണ്ട പുറത്തെടുക്കുകയായിരുന്നു. സർജൻമാരായ ഡോ. സജയ് കുമാർ, ഡോ. അജിത്ത് പിള്ള, ഡോ. നിജിൻ ജോസ് എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്. ആമയ്ക്ക് ആന്റിബയോട്ടിക് മരുന്നുകളും ടോണിക്കുകളും നൽകി. മൂന്നു ദിവസത്തെ തുടർ ചികിത്സയും നിർദ്ദേശിച്ചു.