covid

 ഒ.പി പ്രവർത്തനം നിറുത്തും

കൊല്ലം: ഇന്ന് രാവിലെ മുതൽ ഏത് നിമിഷവും കൊല്ലം ജില്ലാ ആശുപത്രിയിൽ കൊവിഡ് രോഗികളെ ചികിത്സയ്ക്ക് പ്രവേശിപ്പിക്കും. ഒ.പി നാളെ കൂടി പ്രവർത്തിപ്പിക്കാനാണ് തീരുമാനമെങ്കിലും ഇന്ന് കൊവിഡ് രോഗികളെ എത്തിച്ചാൽ നാളെ ഒ.പി ഉണ്ടാകില്ല.

ഒരാഴ്ചയായി കിടത്തി ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ഇവിടെ പ്രവേശനം നൽകാതെ മറ്റിടങ്ങളിലേക്ക് മാറ്റുകയാണ്. 300 രോഗികൾക്ക് കിടത്തി ചികിത്സ നൽകാൻ സൗകര്യമുള്ള ആശുപത്രിയിൽ ഇപ്പോൾ 50 രോഗികൾ മാത്രമേ ചികിത്സയിലുള്ളൂ. രണ്ട് ദിവസത്തിനുള്ളിൽ ഇവരെയും വീടുകളിലേക്ക് അയയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അതിന് മുമ്പ് അടിയന്തര സാഹചര്യമുണ്ടായാൽ മറ്റ് ആശുപത്രികളിലേക്ക് മാറ്റും.

500 രോഗികൾക്ക് ചികിത്സ നൽകാൻ സൗകര്യമുള്ള പാരിപ്പള്ളി മെഡിക്കൽ കോളേജിൽ രോഗികളുടെ എണ്ണം വർർദ്ധിച്ചതോടെയാണ് ജില്ലാ ആശുപത്രി കൊവിഡ് രോഗികളെ പ്രവേശിപ്പിക്കാൻ അടിയന്തരമായി സജ്ജമാക്കിയത്. രോഗികളുടെ എണ്ണം അനുദിനം വൻ തോതിൽ ഉയരുന്നതാണ് അടിയന്തര ഇടപെടലിന് കാരണമായത്.

സേവനങ്ങൾ പുനർവിന്യസിക്കും

ജില്ലാ ആശുപത്രിയിൽ ലഭ്യമാക്കിയിരുന്ന സേവനങ്ങൾ കരുനാഗപ്പള്ളി, ശാസ്താംകോട്ട താലൂക്ക് ആശുപത്രികളിലും കൊല്ലം ആശ്രാമത്തെ ഇ.എസ്.ഐ ആശുപത്രിയിലുമായി ലഭ്യമാക്കാനാണ് ആലോചിക്കുന്നത്. 72 ഡോക്ടർമാരുള്ള ജില്ലാ ആശുപത്രിയിലെ സ്പെഷ്യാലിറ്റി ഡോക്ടർമാരെ ചിലപ്പോൾ മറ്റ് താലൂക്ക് ആശുപത്രികളിലേക്ക് വിന്യസിക്കും. കൊവിഡ് ഡ്യൂട്ടിയിൽ ഏർപ്പെടാൻ കഴിയുന്ന ഡോക്ടർമാർ, ജീവനക്കാർ എന്നിവരെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് നിയോഗിക്കും.

അത്യാഹിത വിഭാഗം അടച്ചേക്കും

കൊവിഡ് ആശുപത്രിയാക്കി മാറ്റുമ്പോൾ അത്യാഹിത വിഭാഗവും അടയ്ക്കാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. എന്നാൽ ജില്ലാ ആശുപത്രിയെ തേടിയെത്തുന്ന അടിയന്തര സാഹചര്യമുള്ള രോഗികൾക്കായി അത്യാഹിത വിഭാഗവും അതിനുള്ളിൽ ജനറൽ ഒ.പിയും വേണമെന്ന അഭിപ്രായം ഉയർന്നെങ്കിലും തീരുമാനമായില്ല.

കാത്ത് ലാബ്, കീമോ തെറാപ്പി

യൂണിറ്റുകൾ പ്രവർത്തിക്കും

ജില്ലാ ആശുപത്രി കൊവിഡ് ആശുപത്രിയായി മാറുമ്പോൾ ഡയാലിസിസ്, കാത്ത് ലാബ്, കീമോ തെറാപ്പി യൂണിറ്റുകളെ പ്രവർത്തനം മുടങ്ങില്ല. വിക്ടോറിയ ആശുപത്രിയുടെ പ്രധാന കവാടത്തിന്റെ ഭാഗത്ത് കൂടി ഇവിടേക്ക് പ്രവേശനമൊരുക്കും. ഇവിടെ ബാരിക്കേഡ് കെട്ടി വേർതിരിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. എന്നാൽ എത്രത്തോളം സേവനം ലഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഡയാലിസിസ്- കീമോ എന്നിവ ചെയ്യുന്ന രോഗികൾക്ക് അടിയന്തര വൈദ്യസഹായം നൽകേണ്ടി വന്നാൽ അതിനുള്ള സൗകര്യം കൊവിഡ് ആശുപത്രിയിൽ നൽകാനാവില്ല.


ജില്ലാ ആശുപത്രിയിലെ ഒരുക്കങ്ങൾ

1. ആദ്യ ഘട്ടത്തിൽ ഒരുക്കുന്നത് 50 കിടക്കകൾ

2. 300 കൊവിഡ് രോഗികൾക്കുള്ള സൗകര്യമുണ്ട്

3. 10 കിടക്കകളുള്ള കാർഡിയാക് ഐ.സി.യു, ആറ് കിടക്കകളുള്ള മെഡിക്കൽ ഐ.സി.യു

4. ആറ് വെന്റിലേറ്ററുകളുണ്ട്, നാലെണ്ണം കൂടി എത്തിച്ചു

5. ഡോക്ടർമാർ, ജീവനക്കാർ എന്നിവർക്കായി പേ വാർഡുകളിൽ താമസസൗകര്യം

കിടക്കകൾ: 300

ഐ.ഡി.യു കിടക്കകൾ: 16

വെന്റിലേറ്ററുകൾ: 10

''

കൊവിഡ് ആശുപത്രിയായി മാറാൻ ജില്ലാ ആശുപത്രി സജ്ജമായി. എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായി.

ഡോ. വസന്തദാസ്

ജില്ലാ ആശുപത്രി സൂപ്രണ്ട്

''

ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. ജില്ലാ ആശുപത്രിയിൽ ഏത് നിമിഷവും രോഗികളെ പ്രവേശിപ്പിക്കേണ്ടി വരും.

ആർ. ശ്രീലത,

ജില്ലാ മെഡിക്കൽ ഓഫീസർ