covid-pic

കൊല്ലം: ജില്ല സമൂഹവ്യാപന വഴിയിലെത്തിയിട്ടും കണ്ടെയ്ൻമെന്റ് സോണുകളിലൊഴികെ കൊവിഡ് നിയന്ത്രണങ്ങൾ ഫലപ്രദമാകുന്നില്ല. ജില്ലാ അതിർത്തികളിൽ പരിശോധനകളും വഴിപാടായി. നിരത്തുകളിൽ സാമൂഹിക അകലം മറന്നതോടെ തീരദേശ മേഖലയിലുൾപ്പെടെ കാര്യങ്ങൾ കൈവിട്ടുപോകുമോയെന്ന ആശങ്ക ശക്തമായി.

കായംകുളത്ത് പച്ചക്കറി വ്യാപാരി കൊവിഡ് ബാധിച്ച് മരിക്കുകയും നിരവധിപേർ നിരീക്ഷണത്തിലാവുകയും ചെയ്തതോടെ ജാഗ്രതയിലായിരുന്നു ഓച്ചിറയും പരിസരവും. ജില്ലാ അതിർത്തിയെന്നതിലുപരി തീവ്രരോഗവ്യാപന മേഖലയെന്ന നിലയിൽ പൊലീസിന്റെയും ആരോഗ്യപ്രവർത്തകരുടെയും നിരന്തര നിരീക്ഷണം ആവശ്യമുള്ള ഇവിടെ പരിശോധനയ്ക്ക് ആരുമില്ല.

പരിസരപ്രദേശങ്ങളായ വള്ളികുന്നം,​ കൃഷ്ണപുരം,​ കായംകുളം എന്നിവിടങ്ങളെല്ലാം കൊവിഡ് ക്ളസ്റ്ററുകളാണ്. ഓച്ചിറ,​ തഴവ,​ കുലശേഖരപുരം പഞ്ചായത്തിന്റെ പല പ്രദേശങ്ങളും കണ്ടെയ്ൻമെന്റ് സോണുകളായി തുടരുമ്പോഴും ദേശീയപാതയിലും ഗ്രാമീണറോഡുകളിലും യാത്രക്കാർക്ക് കുറവില്ല. കടകളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നില്ല. സെക്യൂരിറ്റികളില്ലാത്ത ബാങ്കുകളിലും എ.ടി.എമ്മുകളിലും സ്ഥിതി വ്യത്യസ്തമല്ല.

ദേശീയപാതയിൽ നിന്ന് ഇടറോഡുകളിലേക്ക് യാത്ര നിരോധിച്ചെന്ന് ബോഡുണ്ടെങ്കിലും കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്ന് പൊലീസിന്റെ കണ്ണ് വെട്ടിച്ച് പുറത്തിറങ്ങുന്നവർ നിരവധിയാണ്. മത്സ്യവ്യാപാരത്തിന് നിയന്ത്രണമുണ്ടെന്നതൊഴിച്ചാൽ ഇറച്ചി,​ പച്ചക്കറി,​ പലഹാരങ്ങൾ,​ പൊരിപ്പ് കടകൾ,​ തട്ടുകടകൾ,​ ഹോട്ടലുകൾക്ക് മുന്നിലെ പാഴ്സൽ കൗണ്ടറുകൾ,​ ബാറുകൾ എന്നിവിടങ്ങളിലെല്ലാം തിരക്കാണ്.

പന്മന പഞ്ചായത്തിന്റെ പലഭാഗങ്ങളും തീവ്രരോഗബാധിത മേഖലകളായി തുടരുന്നതിനാൽ കന്നേറ്റി, കുറ്റിവട്ടം,​ പനയന്നാർകാവ് റോഡുകൾ അടച്ചെങ്കിലും യാത്രക്കാരുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുകയാണ്. ദേശീയപാതയിൽ ട്രാൻ. സർവീസുകൾക്ക് പുറമേ ചവറയിൽ നിന്ന് ഇളമ്പള്ളൂർ,​ കൊട്ടിയം റൂട്ടുകളിലേക്ക് അപൂർവം ചില സ്വകാര്യ ബസുകൾ ഓടുന്നുണ്ടെങ്കിലും യാത്രക്കാരില്ല.

നഗരഹൃദയമായ ചിന്നക്കടയിലും തിരക്കിന് ഒട്ടും കുറവില്ല. തിരുവനന്തപുരത്ത് പ്രമുഖ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാ‌ർക്ക് കൂട്ടത്തോടെ കൊവിഡ് ബാധിച്ച അനുഭവമുണ്ടായിട്ടും നഗരത്തിലെ ചില മാളുകളിലും വസ്ത്രവ്യാപാരശാലകളിലും ഇപ്പോഴും വേണ്ട കരുതലെടുത്തിട്ടില്ല.

തുറകളിൽ സുരക്ഷ കാര്യക്ഷമമല്ല

തീരപ്രദേശങ്ങളായ പൊന്മന,​ കോവിൽത്തോട്ടം,​ വെള്ളനാതുരുത്ത്,​ അഴീക്കൽ പ്രദേശങ്ങൾ മത്സ്യബന്ധന നിരോധനത്തോടെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. എന്നാൽ തുറകളിൽ കൊവിഡ് സുരക്ഷ കാര്യക്ഷമമല്ല. കടലിൽ പോകാത്തതിനാൽ വീടുകളിൽ ചടഞ്ഞ് കൂടുന്നവർ വീട്ടിലും പരിസരത്തും വട്ടം കൂടി ചീട്ടുകളിയാണ്. മത്സ്യബന്ധനം പൂർണമായും നിരോധിച്ചതോടെ നീണ്ടകര,​ ശക്തികുളങ്ങര,​ വാടി,​ തങ്കശേരി ഫിഷിംഗ് ഹാർബറുകൾ ഏറെക്കുറെ നിശ്ചലമാണ്.

ബൈപ്പാസിലും തിരക്ക്


ബൈപ്പാസിൽ നീരാവിൽ പാലം പിന്നിട്ടാൽ മേവറം വരെ നല്ല തിരക്കാണ്. ടോൾ പ്ളാസയിൽ ഹൈവേ പൊലീസോ ഇന്റർ സെപ്റ്ററോ മാത്രമാണ് വാഹന പരിശോധനയ്ക്ക് തുനിയുന്നത്. കൺട്രോൾ റൂം പൊലീസ് വാഹനങ്ങൾ നിരത്തുകളിലുണ്ടെങ്കിലും പരിശോധന കാര്യക്ഷമമല്ല.

ചുറ്റുവട്ടത്ത് കാണുന്ന കാഴ്കൾ

1. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ കടകൾക്ക് മുന്നിൽ കൂട്ടം

2. ചാത്തന്നൂർ,​ പാരിപ്പള്ളി ടൗണുകളിലും മാർക്കറ്റുകളിലും സമാന അവസ്ഥ

3. ജില്ലാ അതി‌ർത്തിയായ കടമ്പാട്ട്കോണത്ത് പരിശോധനയില്ല

4. നിയന്ത്രണമില്ലാതെ തലസ്ഥാന നഗരിയിൽ നിന്ന് ആളുകളെത്തുന്നു

5. നിരത്ത് നിറയെ ഇരുചക്രവാഹനങ്ങളും കാറുകളും

''

നിരത്തുകളിൽ സാമൂഹിക അകലം പാലിക്കണം. വ്യാപാര സ്ഥാപനങ്ങളിൽ കൂട്ടം കൂടരുത്. രോഗലക്ഷണങ്ങൾ കണ്ടാൽ ആശുപത്രിയിൽ ചികിത്സ തേടണം.

ആരോഗ്യപ്രവർത്തകർ