niker

തയ്ക്കാൻ കൊടുത്ത നിക്കറിന് നീളം കുറഞ്ഞതിന് പൊലീസിൽ പരാതി. മദ്ധ്യപ്രദേശ് സ്വദേശി കൃഷ്ണ കുമാർ ദുബെ എന്ന 46കാരനാണ് തയ്യൽക്കാരനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. എന്നാൽ കോടതിയെ സമീപിക്കാനായിരുന്നു പൊലീസിന്റെ നിർദ്ദേശം. സെക്യൂരിറ്റി ജീവനക്കാരനായ ദുബെയ്ക്ക് ലോക്ക്ഡൗണിനെ തുടർന്ന് ജോലി നഷ്ടമായിരുന്നു. ഇതിനെ തുടർന്ന് സുഹൃത്തിന്റെ കയ്യിൽ നിന്ന് ആയിരം രൂപ കടം വാങ്ങി അത്യാവശ്യ സാധനങ്ങൾ വാങ്ങിയത്. അക്കൂട്ടത്തിലാണ് രണ്ട് നിക്കറുകൾ തുന്നാൻ രണ്ട് മീറ്റർ തുണിയും വാങ്ങിയത്. തുന്നൽ കൂലിയായി 190 രൂപയും നൽകി. എന്നാൽ തുന്നിക്കിട്ടിയ നിക്കർ ധരിച്ചു നോക്കിയപ്പോൾ ഇറക്കം കുറവായിരുന്നു എന്നാണ് ദുബെ പറയുന്നത്. തയ്യൽക്കാരനോട് പരാതി പറഞ്ഞുവെങ്കിലും തുണി തികഞ്ഞില്ല എന്നായിരുന്നു മറുപടി. ഇതിനുപിന്നാലെ തുണി വാങ്ങിയ കടയിലും ദുബെ തിരക്കിച്ചെന്നു. രണ്ട് മീറ്റർ തുണി തന്നെയാണ് തന്നതെന്നായിരുന്നു അവിടെ നിന്ന് ലഭിച്ച പ്രതികരണം. തുടർന്നാണ് പൊലീസിന്റെ സഹായം തേടിയത്. സംഗതി ഇത്രത്തോളമായതൊടെ ദുബെയുടെ പണം തിരികെ നൽകാൻ തയ്യാറാണെന്ന് തയ്യൽക്കാരൻ അറിയിച്ചതായിട്ടാണ് ഇപ്പോൾ അറിയുന്നത്.