vallam

 മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പ്രതിസന്ധിയിൽ

കൊല്ലം: മത്സ്യബന്ധന നിരോധനം നീളുമ്പോൾ തീരത്ത് പട്ടിണിയുടെ കാറ്റ് വീശുന്നു. കണ്ടെയ്ൻമെന്റ് സോണുകളിൽ ഉൾപ്പെട്ട തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ പ്രത്യേക ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കണ്ടെയ്ൻമെന്റ് സോണല്ലാത്ത കൊല്ലം തീരത്തേത് അടക്കമുള്ള തൊഴിലാളി കുടുംബങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്.

ജില്ലയിലെ ഹാർബറുകൾ പൂർണമായും അടഞ്ഞിട്ട് ഇന്ന് 14 ദിവസം പിന്നിടുകയാണ്. ഈമാസം 6ന് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഹാർബറുകൾ അടയ്ക്കുമ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ തുറക്കുമെന്ന പ്രതീക്ഷയിലായിരുന്നു മത്സ്യത്തൊഴിലാളികൾ. എന്നാൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനാൽ സമീപദിവസങ്ങളിലൊന്നും ഹാർബറുകൾ തുറക്കാനാവില്ലെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം.

സമീപകാല ചരിത്രത്തിലാദ്യമായാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ മൺസൂൺകാലത്ത് പട്ടിണിയിലാകുന്നത്. ട്രോളിംഗ് നിരോധനം നിലവിൽ വരുന്നതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വരുമാനം വർദ്ധിക്കുന്നതാണ്. ഇവർ വള്ളങ്ങളിൽ കൊണ്ടുവരുന്ന മത്സ്യം പൊന്നുംവിലയ്ക്കാണ് വിറ്റുപോകുന്നത്. സാധാരണ ഒരു നേരം മാത്രം കടലിൽ പോകുന്ന കൊല്ലം തീരത്തെ മത്സ്യത്തൊഴിലാളികൾ വൈകിട്ടും പുലർച്ചെയും കടലിൽ പോയിത്തുടങ്ങിയപ്പോഴാണ് ഇടിത്തീ പോലെ ഹാർബറുകൾ അടച്ചത്.

പല മത്സ്യത്തൊഴിലാളി കുടുംബങ്ങളിലും ഭാര്യയും ഭർത്താവും മത്സ്യമേഖലയുമായി ബന്ധപ്പെട്ട് ജോലിയെടുക്കുന്നവരാണ്. ഭർത്താവ് കടലിൽ പോകുമ്പോൾ ഭാര്യക്ക് ചന്തയിൽ മത്സ്യവില്പനയായിരിക്കും. മത്സ്യബന്ധനം നിരോധിച്ചതോടെ മത്സ്യവിൽപ്പനക്കാരായ സ്ത്രീകളുടെ വരുമാനത്തിൽ പല കുടുംബങ്ങളും മുന്നോട്ട് പോയി. പുറത്ത് നിന്നുള്ള മത്സ്യവരവ് കൂടി നിരോധിച്ചതോടെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ അരി വാങ്ങാൻ പോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ്

ജില്ലയിൽ

തീരദേശ ജനസംഖ്യ: 1 ലക്ഷം

സജീവ മത്സ്യത്തൊഴിലാളികൾ: 20,000 (സമുദ്രം)

പ്രതിവർഷ മത്സ്യലഭ്യത: 1 ലക്ഷം മെട്രിക് ടൺ