photo
കൊല്ലം റൂറൽ എസ്.പി ഹരിശങ്കർ തിരക്കഥയെഴുതിയ കാഴ്ചയ്ക്കപ്പുറം ബോധവത്കരണ ഹ്രസ്വചിത്രത്തിൽ നിന്ന്

കൊല്ലം: കുറച്ച് സമയം, കൂടുതൽ വിശേഷം, തികച്ചും ബോധവത്കരണം... കൊല്ലം റൂറൽ എസ്.പി ഹരിശങ്കർ തിരക്കഥയെഴുതിയ 'കാഴ്ചയ്ക്കപ്പുറം' ഹ്രസ്വചിത്രം വൈറലായി. കുറ്റാന്വേഷണ മികവിലും ക്രമസമാധാന പാലനത്തിലും മികവ് കാട്ടുന്ന ഹരിശങ്കർ ആദ്യമായി കഥയും തിരക്കഥയുമെയെഴുതിയ ഹ്രസ്വചിത്രമാണ് യുട്യൂബിൽ ഹിറ്റായത്.

പുതുതലമുറയുടെ ലഹരി ഉപയോഗം, അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ്, പൊതുസമൂഹത്തിന്റെ ചോദ്യം ചെയ്യാനുള്ള അവകാശം, മെബൈൽ ഫോണിന്റെ ദുരുപയോഗം, പ്രണയ ചതിക്കുഴി, സ്ത്രീ സുരക്ഷ, ലഹരി ഉപയോഗത്തിൽ കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന താളപ്പിഴകൾ, നിരത്തുകളിലെ വാഹനങ്ങളുടെ മത്സര ഓട്ടം തുടങ്ങി ഒട്ടേറെ വിഷയങ്ങളാണ് ചെറിയനേരം കൊണ്ട് സ്ക്രീനിൽ പകർത്തിയിരിക്കുന്നത്.

സ്വകാര്യ ബസ് ഡ്രൈവർ പാൻമസാല ഉപയോഗിച്ച് ഡ്രൈവിംഗ് നടത്തുന്നതിലൂടെയാണ് കഥ തുടങ്ങുന്നത്. കഞ്ചാവ് ഉപയോഗിച്ച് മാതാപിതാക്കളുമായി വഴക്കിട്ട് ബൈക്കുമായി നിരത്തിലിറങ്ങുന്ന യുവാവ് അപകടത്തിൽപെടുന്നതും കാമുകന് വാട്സ് ആപ്പിലൂടെ നഗ്നചിത്രങ്ങൾ അയക്കുന്ന യുവതിയുമൊക്കെ വർത്തമാനകാല നേർക്കാഴ്ചയാണ്. കാഴ്ചയ്ക്കപ്പുറം എന്ന പേരിലൂടെ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന പൊതുസമൂഹത്തിന് താക്കീത് നൽകാനും തിരക്കഥാകൃത്ത് ശ്രദ്ധിച്ചിട്ടുണ്ട്.

കേരളാ പൊലീസിന്റെ ബോധവത്കരണ ചിത്രമെന്ന നിലയിലാണ് യുട്യൂബിൽ ഹ്രസ്വചിത്രം റിലീസ് ചെയ്തത്. ഷബീബ് ഖാലിദിന്റെ നിർമ്മാണത്തിൽ സംവിധായകൻ അൻഷാദ് കരുവഞ്ചാലാണ് ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. ഗോപിസുന്ദർ സംഗീതവും മാഫിയ ശശി സംഘട്ടനവും നിർവഹിച്ചതോടെ സിനിമയുടെ ചേരുവകളും കൈവന്നു. ഷൈജു കുറുപ്പടക്കമുള്ള വെള്ളിത്തിരയിലെ താരങ്ങളും വേഷമിട്ടു.

''

തികച്ചും ബോധവത്കരണം ലക്ഷ്യമാക്കിയാണ് ചിത്രം ഒരുക്കിയത്. സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾക്ക് മുന്നിലും ചിത്രം പ്രദർശിപ്പിക്കും.

ഹരിശങ്കർ

റൂറൽ എസ്.പി