ഇന്നലെ മാത്രം 61 പേർക്ക്
കൊല്ലം: ജില്ലയിൽ സമീപദിവസങ്ങളിലെങ്ങും കൊവിഡ് നിയന്ത്രണ വിധേയമാകില്ലെന്ന സൂചന നൽകി സമ്പർക്ക രോഗവ്യാപനം കുത്തനെ ഉയരുന്നു. ഇന്നലെ കൊവിഡ് പോസിറ്റീവായ 75 പേരിൽ 61 പേർക്ക് രോഗം പടർന്നത് സമ്പർക്കത്തിലൂടെയാണ്. ഇതോടെ ജില്ലയിൽ സമ്പർക്ക രോഗബാധിതരുടെ എണ്ണം 273 ആയി.
ശനിയാഴ്ച 35 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ അത് 61 ആയി ഉയർന്നു. കൊവിഡ് സാമൂഹവ്യാപനത്തിലേക്ക് കടന്ന മറ്റ് സംസ്ഥാനങ്ങളിലെയും വിദേശരാജ്യങ്ങളിലെയും ആദ്യലക്ഷണങ്ങൾ ഇങ്ങനെയായിരുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
ഒരാളുടെ അശ്രദ്ധയും അവിവേകവും ഒരു പ്രദേശത്തെയാകെ കൊവിഡ് നിഴലിലാക്കുകയാണ്. കൊവിഡ് ബാധിത പ്രദേശങ്ങളിലുള്ളവർ കുറഞ്ഞത് മൂന്നാഴ്ചയെങ്കിലും പൂർണമായും വീട്ടിലൊതുങ്ങിയാലെ വ്യാപനത്തിന്റെ ചങ്ങല മുറിക്കാനാകൂവെന്നും ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
സമ്പർക്കത്തിലൂടെ പടർന്നത്: 273
അന്യദേശത്ത് നിന്ന് വന്നത്: 505
ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്: 778
നിലവിൽ ചികിത്സയിലുള്ളത്: 421
കൊവിഡ് പൊട്ടിത്തെറിയുടെ ജൂലായ്
പകുതി പിന്നിട്ട ജൂലായ് മാസത്തിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ കൊവിഡ് സ്ഥിരീകരിച്ചത്. ഈമാസം ഇതുവരെ 446 പേർക്കാണ് കൊവിഡ് ബാധിച്ചത്. ജില്ലയിൽ ഇതുവരെ 778 പേരാണ് കൊവിഡ് ബാധിതരായത്. ഇതിൽ പകുതിയിലേറെപ്പേർക്കും ഈമാസമാണ് കൊവിഡ് പിടിപെട്ടത്.