photo
ചേരൂർ- ഇടയില റോഡിലെ സഞ്ചാരത്തിന് തടസമായ വൈദ്യുത പോസ്റ്റ്

കൊട്ടാരക്കര: വൈദ്യുതി അത്യാവശ്യമാണെങ്കിലും ഒരു വൈദ്യുത പോസ്റ്റ് സഞ്ചാരം മുടക്കുന്നതിന്റെ ബുദ്ധിമുട്ടിലാണ് കൊട്ടാരക്കര തൃക്കണ്ണമംഗൽ ചേരൂർ ഭാഗത്തെ താമസക്കാർ. ചേരൂർ- ഇടയിലവിള റോഡിലാണ് തടസമായി ഒരു വൈദ്യുത പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. പത്ത് വർഷമായി തകർന്നുകിടന്നിരുന്ന റോഡാണ്. കൊട്ടാരക്കര നഗരസഭയിലെ തോട്ടംമുക്ക് വാർഡിൽ ഉൾപ്പെടുന്ന റോഡ് രണ്ടാഴ്ച മുൻപ് കോൺക്രീറ്റ് ചെയ്തു. നാല് മീറ്റർ വീതിയുള്ള ഇടറോഡാണിത്. വലിയ വാഹനം കടന്നുവന്നപ്പോളാണ് പോസ്റ്റ് തടസമാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്. കാർ കഷ്ടിച്ച് കടന്നുപോകും. വലിയ വാഹനങ്ങൾക്ക് പോകാൻ കഴിയില്ല. പോസ്റ്റ് മാറ്റി സ്ഥാപിച്ചാൽ ഈ പ്രതിസന്ധി മാറും. എന്നാൽ പോസ്റ്റ് മാറ്റുന്നതിന് നഗരസഭ വൈദ്യുതി ബോർഡിന് പണം കെട്ടിവയ്ക്കണമെന്ന മുടന്തൻ ന്യായമാണ് പറയുന്നത്. പൊതുപ്രവർത്തകനായ സജി ചേരൂരിന്റെ നേതൃത്വത്തിൽ ഒപ്പ് ശേഖരണം നടത്തി നഗരസഭയ്ക്കും വൈദ്യുതി ബോർഡിനും അപേക്ഷ നൽകും.