കൊട്ടാരക്കര: കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയ്ക്ക് കൊവിഡ്. സി.ഐ അടക്കം 12 പൊലീസ് ഉദ്യോഗസ്ഥരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. 14ന് രാത്രിയിൽ തൃക്കണ്ണമംഗലിലെ വീട് ആക്രമിച്ച നാലംഗ സംഘത്തെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പ്രതികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചത്. കൂട്ടുപ്രതികളായ മൂന്നുപേരെയും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കൊട്ടാരക്കര സ്റ്റേഷൻ അണുവിമുക്തമാക്കുകയും സന്ദർശന നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു.