ആലപ്പാട്ട് ഗ്രാമ പഞ്ചായത്തിൽ സ്ഥിതി അതീവ രൂക്ഷം
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിലെ വിവിധ ഗ്രാമ പഞ്ചാത്തുകളിലും കരുനാഗപ്പള്ളി നഗരസഭാ പരിധിയിലും കൊവിഡ് 19 വ്യാപിക്കുന്നു. കൊവിഡിന്റെ വ്യാപനത്തെകുറിച്ചുള്ള സ്ഥിതിവിവര കണക്കുകൾ ശേഖരിക്കുന്നതിനായി ആർ. രാമചന്ദ്രൻ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ഇന്നലെ വിളിച്ചു ചേർത്തു. ആലപ്പാട്ട് ഗ്രാമ പഞ്ചായത്തിലെ സ്ഥിതി അതീവ രൂക്ഷമാണ്. ഗ്രാമ പഞ്ചായത്തിന്റെ അതിർത്തികൾ പൂർണമായും അടച്ചിരിക്കുകയാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണമാണ് വർദ്ധിക്കുന്നത്. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ജനങ്ങൾ പാലിക്കാത്തതാണ് രോഗം വ്യാപിക്കാൻ കാരണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു. ആലപ്പാട്ട് ഗ്രാമ പഞ്ചായത്തിൽ ഒരു വീട്ടിലെ 6 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. രോഗമുള്ളവരുമായി സമ്പർക്കം പുലർത്തിയ 57 പേരുടെ സ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ
നഗരസഭാ പരിധിയിൽ കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായി ഫിഷറീസ് ടെക്നിക്കൽ സ്കൂളിൽ സൗകര്യമൊരുക്കാൻ തീരുമാനിച്ചു. ഇവിടെ ഇരുന്നൂറോളം കിടക്കകൾ സജ്ജീകരിക്കും. പടിഞ്ഞാറൻ മേഖലയിലെ നഗരസഭയുമായി ബന്ധം പുലർത്തുന്ന എല്ലാ കടത്തുകളുടെയും പ്രവർത്തനം നിരോധിക്കും. തൊടിയൂർ പഞ്ചായത്തിൽ സമ്പർക്ക പട്ടികയിലുള്ള 17 പേരുടെ സ്രവ പരിശോധന നടത്തി. ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജിലെ ഹോസ്റ്റൽ 28 മുതൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായി പ്രവർത്തനം ആരംഭിക്കും. കുലശേഖരപുരത്ത് ഗൃഹ നിരീക്ഷണത്തിൽ കഴിഞ്ഞുവന്ന ഒരാൾക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 125 പേരുടെ സ്രവ പരിശോധന നടത്തും. തഴവയിൽ 24 പേരുടെ സ്രവ പരിശോധന നടത്തി. കൊവിഡ് ബാധിച്ച വ്യാപാരിവുമായി സമ്പർക്കം പുലർത്തിയ പത്ത് കടകൾ ആരോഗ്യ വകുപ്പ് അധികൃതർ അടപ്പിച്ചു.
കൊവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ കർശനമായ കരുതൽ നടപടികളാണ് ആലപ്പാട്ട് പഞ്ചായത്തിൽ സ്വീകരിക്കുന്നത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. സെലീന
11 ഡിവിഷനുകളിൽ കർശന നിയന്ത്രണം വേണം
കരുനാഗപ്പള്ളി നഗരസഭയിലെ തീരദേശ വാർഡിൽ വീട്ടമ്മയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ തീരങ്ങളിലുള്ള 11 ഡിവിഷനുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിന് ജില്ലാ കളക്ടറോട് ശുപാർശ ചെയ്യാൻ ഇന്നലെ ചേർന്ന അടിയന്തര അവലോകന യോഗം തീരുമാനിച്ചു. 1, 19, 20, 21, 22, 23, 24, 25 , 30, 33 ,34, 35 എന്നീ ഡിവിഷനുകളാണ് അടച്ചിടാൻ നിർദ്ദേശിച്ചിട്ടുള്ളത്. എന്നാൽ ആരോഗ്യ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള റാപ്പിഡ് റെസ്പോൺസ് ടീമും പൊലീസും ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയാൽ മാത്രമേ ഈ പ്രദേശങ്ങളെ കണ്ടയ്ൻമെന്റ് സോണായി പ്രഖ്യാപിക്കാനാകൂ.