navas
പ്രകാശ് കുട്ടൻ, ബൈജു മലനട, അഭിലാഷ് ആദി, മഹേഷ് തേനാദി

ശാസ്താംകോട്ട: ശാസ്താംകോട്ട സ്വദേശികളായ നാലു നാടൻപാട്ടു കലാകാരന്മാർക്ക് കേരള ഫോക് ലോർ അക്കാഡമി യുവപ്രതിഭാ പുരസ്കാരം. കേരളത്തിലെ ആയിരക്കണക്കിന് വേദികളിൽ നാടൻ പാട്ടുകളെ തനത് ശൈലിയിൽ അവതരിപ്പിച്ച ശാസ്താംകോട്ട പടിഞ്ഞാറേ കല്ലട വിളന്തറ സ്വദേശി നാടോടി പ്രകാശ് കുട്ടൻ, പോരുവഴി മലനട സ്വദേശി ബൈജു പാട്ടുപുര, ശാസ്താംകോട്ട സ്വദേശി അഭിലാഷ് ആദി, പാങ്ങോട് സ്വദേശി മഹേഷ് തേനാദി എന്നിവരാണ് കേരള സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴിലുള്ള ഫോക് ലോർ അക്കാഡമിയുടെ യുവപ്രതിഭാ പുരസ്കാരത്തിന് അർഹരായത്. തെരുവുനാടകങ്ങൾ അവതരിപ്പിച്ചും ഏകാംഗ നാടകം സംവിധാനം ചെയ്തും അഭിനയത്തിലൂടെയുമാണ് നാടോടി പ്രകാശ് കുട്ടൻ ശ്രദ്ധേയനായത്. പ്രഥമ കനൽ ഖത്തർ പുരസ്കാരവും കേരള സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പും നേടിയ ബൈജു പാട്ടുപുര മികച്ച ചിത്രകാരനും ആനിമേറ്ററുമാണ്. സാംസ്കാരിക വകുപ്പിന്റെ ഫെലോഷിപ്പും ഫോക് ലോർ അക്കാഡമി ഫെലോഷിപ്പും നേടിയ അഭിലാഷ് (ബിജു) ആദി ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തംഗം കൂടിയാണ്. വർഷങ്ങളായി നാടൻപാട്ട് രംഗത്ത് നിറ സാന്നിദ്ധ്യമായ മഹേഷ് തേനാദി അനുഷ്ഠാന കലയായ പാക്കനാർ കോലം അവതരിപ്പിക്കുന്ന അഭിനേതാവും കൂടിയാണ്. കൊവിഡ് കണക്കിലെടുത്ത് പുരസ്കാര ചടങ്ങ് നടത്താൻ കഴിയാത്തതിനാൽ ഇവർ കേരള ഫോക് ലോർ അക്കാഡമി ജേതാക്കളായ വിവരം അധികൃതർ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.