കുണ്ടറ: കൊവിഡ് ഭീതിയെ തുടർന്ന് ആംബുലൻസുകൾ പാർക്ക് ചെയ്യാൻ പോലും ഇടംനൽകാതെ കുണ്ടറ മുക്കട ടാക്ടി സ്റ്റാൻഡിൽ ഊരുവിലക്ക്. ടാക്സി ഡ്രൈവർമാർ ആംബുലൻസുകൾ പാർക്ക് ചെയ്യാനോ ഡ്രൈവർമാർക്ക് വിശ്രമിക്കാൻ സൗകര്യമോ അനുവദിക്കുന്നില്ലെന്നാണ് ആരോപണം. ആംബുലൻസ് ഡ്രൈവർമാരെ ഒഴിവാക്കാൻ ടാക്സി സ്റ്റാൻഡിനോട് ചേർന്ന വിശ്രമകേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന കസേരകൾ എടുത്തുമാറ്റിയതായും പറയുന്നു.
പതിനഞ്ചോളം ആംബുലൻസുകളാണ് കുണ്ടറയിലുള്ളത്. ഇതിൽ മൂന്നെണ്ണം മുക്കട ജംഗ്ഷനിലാണ് പാർക്ക് ചെയ്തിരുന്നത്. കാഞ്ഞിരകോട് താലൂക്ക് ആശുപത്രിക്ക് മുന്നിലും സ്വകാര്യ ആശുപത്രികൾക്ക് മുന്നിലുമാണ് മറ്റുള്ളവ പാർക്ക് ചെയ്യുന്നത്. കൊവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കുന്നത് 108 ആംബുലൻസുകളാണ്. അതേസമയം താലൂക്ക് ആശുപത്രിയടക്കം മറ്റു രോഗികളെ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിന് ആശ്രയിക്കുന്നത് സ്വകാര്യ ആംബുലൻസുകളെയാണ്.
ആംബുലൻസുകൾ കഴുകുന്നതിന് പോലും നാട്ടുകാർ വിലക്കേർപ്പെടുത്തുന്നതായി പരാതിയുണ്ട്. ആംബുലൻസ് കഴുകുന്നതിനിടെ തടസവുമായെത്തിയ നാട്ടുകാരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ആരോഗ്യവകുപ്പ് അധികൃതരുടെ ഇടപെടലുണ്ടാകേണ്ടിവന്ന സംഭവവുമുണ്ട്. ഇവയുടെ അറ്റകുറ്റപണികൾ ചെയ്യുന്നതിന് വർക്ക് ഷോപ്പുകൾ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
അസ്ഥാനത്തുള്ള ആശങ്ക
എന്നാൽ ഓരോ യാത്രയ്ക്ക് ശേഷവും ആംബുലൻസുകൾ അണുവിമുക്തമാക്കിയാണ് ഉപയോഗിക്കുന്നതെന്ന് ആംബുലൻസ് ഡ്രൈവർമാർ സാക്ഷ്യപ്പെടുത്തുന്നു. എല്ലാ മുൻകരുതലുകളും കൃത്യമായി പാലിച്ചാണ് ഇവ ഓടുന്നത്. ആംബുലൻസുകൾക്കെതിരേ ജനങ്ങൾക്കുള്ള ആശങ്ക അസ്ഥാനത്താണെന്ന് ആരോഗ്യവകുപ്പ് അധികൃതരും പറയുന്നുണ്ട്.