തൊടിയൂർ: കണ്ടെയ്ൻമെന്റ് സോണായ തൊടിയൂർ ഗ്രാമ പഞ്ചായത്തിൽ കൊവിഡ് പ്രതിരോധം ചർച്ച ചെയ്യാനായി സർവകക്ഷി യോഗം ചേർന്നു. എൻജിനീയറിംഗ് കോളേജിൽ ആരംഭിക്കുന്ന കൊവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രത്തിന്റെ പ്രവർത്തനം 28​ന് ആരംഭിക്കാൻ തീരുമാനിച്ചു. ഇവിടേയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ രാഷ്ട്രീയ പാർട്ടികൾ സ്‌പോൺസർ ചെയ്തിട്ടുണ്ട്. യോഗത്തിൽ പങ്കെടുത്ത പാർട്ടികൾ അഞ്ചുവോളണ്ടിയർമാരെ വീതം ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രത്തിൽ നിയോഗിക്കും. പുറത്തു നിന്ന് സാധനങ്ങൾ കൊണ്ടുവന്ന് പഞ്ചായത്ത് അതിർത്തിയിൽ വില്പന നടത്താൻ അനുവദിക്കില്ല. പഞ്ചായത്തിലെ എല്ലാ മത്സ്യ, മാംസ വില്പന കേന്ദ്രങ്ങളും

അടപ്പിക്കും. പഴം​, പച്ചക്കറി, പലവ്യഞ്ജനം, മെഡിക്കൽ സ്റ്റോറുകൾ എന്നിവ മാത്രമേ തുറന്നു പ്രവർത്തിപ്പിക്കാൻ അനുവദിക്കൂ. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് കടവിക്കാട്ട് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായ ആർ. രോഹിണി, കെ.സുരേഷ് കുമാർ, ബി. പത്മകുമാരി, കുടുംബശ്രീ ചെയർപേഴ്‌സൺ ലതികകുമാരി, പഞ്ചായത്ത് സെക്രട്ടറി
രാധാകൃഷ്ണൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ആർ. ശ്രീജിത്ത്, രഞ്ജിത്ത്, സദ്ദാം (സി.പി.എം), അഡ്വ. കെ.എ. ജവാദ് , സി.ഒ. കണ്ണൻ (കോൺഗ്രസ്), ജി. അജിത്ത്, ബഷീർ (സി.പി.ഐ), സുഭാഷ്, ഉണ്ണി (ബി.ജെ.പി), മാമ്പള്ളി ഷാജി (മുസ്ലിംലീഗ്) തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി എല്ലാവരും സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനൻ അഭ്യർത്ഥിച്ചു.