ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിലെ ആദ്യത്തെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ നാളെ രാവിലെ 11ന് മന്ത്രി. ജെ. മേഴ്‌സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്യും. ഭരണിക്കാവിലെ സ്വകാര്യ എൻജിനീയറിംഗ് കോളേജിന്റെ ഹോസ്റ്റലിലാണ് കൊവിഡ് ചികിത്സാ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. കൊവിഡ് പോസിറ്റീവായ രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാത്തവരെയും ചെറിയ ലക്ഷണങ്ങൾ മാത്രം ഉള്ളവരെയുമാണ് ഇവിടെ ചികിത്സിക്കുന്നത്. സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ടെലിമെഡിസിൻ മുഖാന്തരം ലഭ്യമാക്കും. ആദ്യഘട്ടത്തിൽ 229 കിടക്കകളാണ് ഒരുക്കിയിരിക്കുന്നത്. കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് ആദ്യഘട്ടത്തിൽ നാലു ഡോക്ടറുമാരെയും ആറു സ്റ്റാഫ് നഴ്‌സുമാരെയുമാണ് നിയമിച്ചിട്ടുള്ളത്. രോഗികൾക്ക് ആവശ്യമായ ഭക്ഷണം പഞ്ചായത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കി നൽകും.
ഉന്നതതല യോഗം ചേർന്നു
കുന്നത്തൂർ നിയോജക മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിലും കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ തുറക്കും. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഡ്വ. കെ. സോമപ്രസാദ് എം.പി ,കൊടിക്കുന്നിൽ സുരേഷ് എം.പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. അരുണാമണി, തഹസിൽദാർ സുരേഷ് ബാബു, ബി.ഡി.ഒ അനിൽകുമാർ ,ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് പ്രസിഡന്റുമാർ ,സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.