കൊല്ലം: സുഭിക്ഷ കേരളം പദ്ധതിയിലൂന്നി കാർഷിക വിപ്ലവത്തിനൊരുങ്ങുകയാണ് കൊട്ടാരക്കര കില ഇ.ടി.സി. ഉദ്യോഗസ്ഥർക്കും സ്വയംതൊഴിൽ സംരംഭകർക്കുമുള്ള സർക്കാർ പരിശീലന സ്ഥാപനമെന്ന നിലയിൽ ഇ.ടി.സിയിൽ 30 ഏക്കറോളം പ്രദർശന കൃഷിത്തോട്ടമുണ്ട്. ഇവിടെ തരിശ് കിടന്ന പത്ത് ഏക്കർ സ്ഥലത്താണ് കൃഷി ഇറക്കുന്നത്.
1150 വാഴ, 2100 മരച്ചീനി, ഇടവിളയായി ചേമ്പ്, ചേന, കൈതച്ചക്ക, ഇഞ്ചി, മഞ്ഞൾ, കിഴങ്ങ് ഫലവർഗ വിളകൾ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ജൈവ പരിപാലനം അവലംബിക്കുന്ന കൃഷിയുടെ മേൽനോട്ടത്തിനായി ഫാമിലെ 15 ജീവനക്കാർ എപ്പോഴും കൃഷിയിടത്തിലുണ്ട്. പ്രിൻസിപ്പൽ ജി. കൃഷ്‌ണകുമാറാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
അര ഏക്കറിൽ കാന്താരി തോട്ടം
അര ഏക്കറിൽ ആയിരം മൂട് കാന്താരിയുടെ ശ്രദ്ധേയമായ തോട്ടവും ഇവിടെ ഒരുങ്ങുകയാണ്.
ഭാവിയിൽ ലാഭകരമായ ഇടവിളകൃഷി എന്ന നിലയിൽ കാന്താരി തൈകളുടെ എണ്ണം 5,000 വരെ കൂട്ടാനാണ് ശ്രമം.
കരനെൽ കൃഷി, വിവിധ ഇനത്തിൽപ്പെട്ട പയർ, പച്ചക്കറി, ഫലവർഗങ്ങൾ, കിഴങ്ങ്, കുരുമുളക്, റബർ ഉൾപ്പെടെയുള്ള നാണ്യവിളകളും കൃഷി ചെയ്യുന്നുണ്ട്.
പ്രദർശന കൃഷിത്തോട്ടം: 30 ഏക്കർ
കൃഷിയിറക്കുന്നത്: 10 ഏക്കർ (തരിശ്)
''
ജൈവാടിസ്ഥാനത്തിലുള്ള കൃഷിരീതിയാണ് അവലംബിക്കുന്നത്. വിഷരഹിത ഭക്ഷ്യവിഭവങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.
ജി.കൃഷ്ണകുമാർ
പ്രിൻസിപ്പൽ, കില ഇ.ടി.സി