കൊല്ലം: അറസ്റ്റ് ചെയ്ത പ്രതികൾക്ക് കൊവിഡ്. കൊട്ടാരക്കര, പുനലൂർ പൊലീസ് സ്റ്റേഷനുകളിൽ ആശങ്ക, 18 പൊലീസ് ഉദ്യോഗസ്ഥരെ ക്വാറന്റൈനിലാക്കി. സ്റ്റേഷനുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ. 14ന് രാത്രിയിൽ തൃക്കണ്ണമംഗലിലെ വീട് ആക്രമിച്ച നാലംഗ സംഘത്തെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പ്രതികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയ സി.ഐ, എസ്.ഐ എന്നിവരടക്കമുള്ള ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചത്.
റിമാൻഡിലായ പ്രതികൾ ജാമ്യത്തിലിറങ്ങിയിരുന്നു. കൊവിഡ് സ്ഥിരീകരിച്ചയാളെ ആശുപത്രിയിലേക്കും കൂട്ടുപ്രതികളായ മൂന്നുപേരെയും ഗൃഹനിരീക്ഷണത്തിലുമാക്കി. കൊട്ടാരക്കര സ്റ്റേഷൻ അണുവിമുക്തമാക്കുകയും സന്ദർശന നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. അടിപിടി കേസിൽ പുനലൂർ പൊലീസ് അറസ്റ്റു ചെയ്ത പ്രതികളിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആറ് പൊലീസുകാരെയാണ് ക്വാറന്റൈനിലാക്കിയത്.
5ന് കരവാളൂരിൽ അടിയുണ്ടാക്കിയ അഞ്ച് പേരെ പുനലൂർ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. തുടർന്ന് അവരുടെ സ്രവ പരിശോധന കഴിഞ്ഞ ശേഷം അന്ന് വൈകിട്ടു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.തുടർന്ന് പരിശോധന ഫലം പുറത്തു വന്നപ്പോൾ പ്രതികളിൽ ഒരാളായ ഇളമ്പലിൽ നിന്നും കുളത്തൂപ്പുഴയിലെ തിങ്കൾകിക്കത്ത് താമസിക്കുന്ന യുവാവിന് പോസിറ്റീവ് ആയതിനെ തുടന്നാണ് ക്വാറന്റൈനിലാക്കിയത്. തമിഴ്നാട് അതിർത്തിയിലെ ആര്യങ്കാവ് പൊലീസ് ഔട്ട് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസുകാരന്റെ സ്രവ പരിശോധന ഫലവും പോസിറ്റീവ് ആയിട്ടുണ്ട്.