കൊല്ലം: കൊല്ലത്ത് സമ്പർക്കത്തിലൂടെ കൊവിഡ് ബാധ കൂടിയ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കളക്ടർ ബി.അബ്ദുൾ നാസർ ഉത്തരവിറക്കി. ജില്ലയുടെ മുക്കാൽ പങ്കും അടച്ചിടേണ്ട സ്ഥിതിയിലെത്തി. ഇന്നലെ പോസിറ്റീവായ എഴുപത്തഞ്ച് പേരിൽ 61 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. ഇതോടെ സമ്പർക്ക രോഗബാധിതരുടെ എണ്ണം 273 ആയിമാറി. ഔദ്യോഗിക സ്ഥിരീകരണം വരാത്ത നിരവധി പോസിറ്റീവ് കേസുകളുമുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ സൂചന നൽകി. ഇന്ന് വൈകിട്ടോടെ ഇതും ഔദ്യോഗികമായി പ്രഖ്യാപിക്കും. കൊട്ടാരക്കര, പുനലൂർ പൊലീസ് സ്റ്റേഷനുകളടക്കം കൊവിഡ് പ്രതിസന്ധിയിലായതോടെ കൊല്ലം കൂടുതൽ ഭീതിയിലായിരിക്കയാണ്. മത്സ്യ തൊഴിലാളികൾക്ക് രോഗ ബാധയുണ്ടായതും ആശങ്കയുയർത്തുന്നു. സമ്പൂർണ അടച്ചിടലിനും ജില്ലാഭരണകൂടം ആലോചിക്കുന്നുണ്ട്.
കൊട്ടാരക്കര അടച്ചുപൂട്ടി
കൊട്ടാരക്കര വീണ്ടും അടച്ചുപൂട്ടി, പട്ടണം ഉൾപ്പടെ നഗരസഭ മുഴുവൻ റെഡ് സോണിൽ. സമ്പർക്കത്തിലൂടെ കൂടുതൽപേർക്ക് രോഗം സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പട്ടണം അടച്ചുപൂട്ടിയത്. കെ.എസ്.ആർ.ടി.സി ഡിപ്പോ പ്രവർത്തിക്കില്ല. ദീർഘദൂര ബസുകൾ ടൗണിൽ കൂടി കടന്നുപോകാമെങ്കിലും സ്റ്റോപ്പുണ്ടാകില്ല. നിയന്ത്രണങ്ങൾ കർശനമാക്കി പൊലീസ് രാത്രിതന്നെ പട്ടണത്തിൽ നിറഞ്ഞു. അതേസമയം അറസ്റ്റ് ചെയ്ത പ്രതിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ കൊട്ടാരക്കര പൊലീസ് സ്റ്റേഷനും ആശങ്കയുടെ മുൾമുനയിലാണ്. സർക്കിളും എസ്.ഐയും അടക്കം പന്ത്രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. കൊട്ടാരക്കര മുസ്ളീം സ്ട്രീറ്റിലും അവണൂരിലുമായി എട്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതയാണ് റാപ്പിഡ് ടെസ്റ്റിൽ വ്യക്തമായത്. ഔദ്യോഗിക അറിയിപ്പിൽ ഇത്രയും എണ്ണം വന്നിട്ടില്ലെങ്കിലും നഗരസഭയുടെ അറിയിപ്പിൽ എട്ടുപേരുടെ വിവരം പറയുന്നുണ്ട്. മൊബൈൽ ഫോൺ ഷോപ്പിന്റെ മാനേജർക്കും കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രി സന്ദർശിച്ച മേലില സ്വദേശിയായ വയോധികനും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സമ്പർക്ക പട്ടിക തയ്യാറാക്കാൻ കഴിയാതെ പത്ത് ദിവസം കൊട്ടാരക്കര അടച്ചിട്ടിരുന്നതാണ്. ഈ മാസം 14ന് വൈകിട്ടോടെയാണ് നിയന്ത്രണങ്ങൾ പിൻവലിച്ചത്. എന്നാൽ മത്സ്യ വ്യാപാരികൾക്കടക്കം നിരവധി പേർക്ക് കൊവിഡ് സ്ഥീരീകരിച്ചതോടെ ഇപ്പോൾ വീണ്ടും അടച്ചുപൂട്ടേണ്ട സ്ഥിതയിലെത്തുകയായിരുന്നു.
അനാവശ്യമായി ഇറങ്ങരുത്
പട്ടണത്തിലേക്ക് അനാവശ്യമായി ആരും പ്രവേശിക്കാൻ ഇന്നുമുതൽ പൊലീസ് അനുവദിക്കില്ല. നഗരസഭയുടെ എല്ലാ ഭാഗങ്ങളിലും ഇത് ബാധകമാക്കും. അടിയന്തര ആവശ്യമാണെങ്കിൽ പൊലീസ് ഉദ്യോഗസ്ഥരെ ബോദ്ധ്യപ്പെടുത്തി മാത്രമേ വാഹനങ്ങളെയും കാൽനട യാത്രികരെയും കടത്തി വിടുകയുള്ളു. കണ്ടെയ്‌ൻമെന്റ് സോണുകളിലേക്ക് പുറത്തുനിന്ന് ആളുകൾ പ്രവേശിക്കാനോ അവിടെത്താമസിക്കുന്നവർ പുറത്തേക്ക് പോകാനോ പാടില്ലെന്ന് പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. ദീർഘദൂര യാത്രക്കാർക്ക് കണ്ടെയ്‌മെന്റ് സോണിലൂടെ തടസം കൂടാതെ യാത്ര ചെയ്യാമെങ്കിലും യാത്രക്കാർ കണ്ടെയ്‌മെന്റ് സോണിൽ ഇറങ്ങരുതെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. താലൂക്ക് ഓഫീസിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകളും പരാതികളും ഇ-മെയിലായി മാത്രമേ സ്വീകരിക്കുകയുള്ളൂ. 0474-2454623 എന്ന ഫോണിലും ബന്ധപ്പെടാം. പൊലീസ് സ്റ്റേഷനിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല. ഫോൺ: 0474-2454629
ചടമയമംഗലവും റെഡ് സോണിൽ
സമ്പർക്കത്തിലൂടെ രോഗ വ്യാപനമുണ്ടായതിനെ തുടർന്ന് ചടയമംഗലം ഗ്രാമപഞ്ചായത്ത് റെഡ് കളർ സോണിനെ കണ്ടെയ്ൻമെന്റ് സോണാക്കി. നേരത്തെ കണ്ടെയ്ൻമെന്റ് സോണായിരുന്ന വെളിനല്ലൂർ, ആലപ്പാട്, പഞ്ചായത്തുകളെയും റെഡ് സോണിലാക്കിയിട്ടുണ്ട്. കരവാളൂർ, പനയം പഞ്ചായത്തുകളാണ് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ. കൊല്ലം കോർപ്പറേഷനും പരവൂർ നഗരസഭയും ഭാഗീകമായും 37 ഗ്രാമ പഞ്ചായത്തുകൾ പൂർണമായും കണ്ടെയ്ൻമെന്റ് സോണാക്കിയിരുന്നു.