thumpa

 കളയായി കണ്ട് വ്യാപകമായി നശിപ്പിക്കുന്നു

കൊല്ലം: നിലാവിന്റെ വെൺമ ചൊരിഞ്ഞ് നാട്ടിടങ്ങളിൽ പൂത്തുലഞ്ഞ തുമ്പച്ചെടികൾ വിസ്മൃതിയിലേക്ക്. കർക്കടക ചികിത്സയിൽ വിഷം ശമിപ്പിക്കാനും ആവിക്കുളിക്കും ഉപയോഗിച്ചിരുന്ന തുമ്പപ്പൂവും തുമ്പച്ചെടിയും അന്യമായിക്കൊണ്ടിരിക്കുകയാണ്.

പല ആയുർവേദ മരുന്നുകളുടെയും കൂട്ടൊരുക്കാൻ തുമ്പച്ചാറ് നിർബന്ധമായതിനാൽ മരുന്നുകടകളിൽ തുമ്പയ്ക്ക് പൊന്നും വിലയാണ്. ഇത്തിരിക്കുഞ്ഞനാണെങ്കിലും ഓണപ്പൂക്കളങ്ങളിലെ താരവുമാണ് തുമ്പ.

തുറസായ സ്ഥലങ്ങളിൽ കർക്കടക മാസത്തിൽ നന്നായി വളരുന്ന തുമ്പ ഓണമാകുന്നതോടെ പൂവിടും. വിജനമായ പ്രദേശങ്ങളിലും തരിശു ഭൂമിയിലും ധാരാളമുണ്ടായിരുന്ന ചെടിയെ കളയായി കണ്ട് നശിപ്പിച്ചതാണ് തുളസി വർഗത്തിൽപ്പെട്ട നാടൻ സസ്യത്തിന്റെ ഉൻമൂലത്തിനിടയാക്കിയത്.

30-60 സെ.മീ ഉയരത്തിൽ നിവർന്ന് വളരുന്ന ഔഷധിയാണിത്. സസ്യത്തിലുടനീളം ചെറുരോമങ്ങളുണ്ടെങ്കിലും ചൊറിച്ചിൽ ഉണ്ടാക്കുന്നവയല്ല. ഇലകൾക്ക് 3-6 സെ.മീ നീളവും 1-4 സെ.മീ വീതിയും ഉണ്ടാകും. ഇലയുടെ അഗ്രം കൂർത്തതാണ്‌. തണ്ടിൽ സമ്മുഖമായോ വർത്തുളമായോ ആണ് ഇലകളുടെ വിന്യാസം. ശിഖരാഗ്രങ്ങളിലും ഇലകൾക്കിടയിലും കുലകളായാണ് തുമ്പ പൂവിടുന്നത്. ബലിപുഷ്പമായും പൂജാ ആവശ്യങ്ങൾക്കും തുമ്പപ്പൂവിന്റെ പ്രാധാന്യം വലുതാണ്.

അടിമുടി ഔഷധഗുണം

ലൂക്കാസ് ആസ്‌പെരായെന്നാണ് ശാസ്ത്രീയനാമം. തുമ്പച്ചെടിയുടെ ഇലയിൽ അണുനാശിനിയായി വർത്തിക്കുന്ന ഗ്ലൂക്കോസൈഡ് ഉണ്ട്. പനി, ചുമ, ജലദോഷം, പ്രസവാനന്തര ശുശ്രൂഷ എന്നിവയ്ക്ക് തുമ്പച്ചെടിയുടെ നീര് ഉത്തമാണ്. പഴുതാര,​ തേൾ എന്നിവ കുത്തിയ ഭാഗത്ത് തുമ്പയില അരച്ച് പുരട്ടുന്നത് വിഷം ശമിപ്പിക്കും. തുമ്പചെടിയുടെ നീര് ദിവസവും കുടിച്ചാൽ കഫക്കെട്ട് മാറും. തുമ്പയിലച്ചാറും തേനും ചേർത്ത് കഴിച്ചാൽ കുട്ടികളിലെ ഉദരകൃമികൾ ശമിക്കും.

തുമ്പചെടിനീര് കരിക്കിൻ വെള്ളത്തിൽ ചേർത്ത് കഴിച്ചാൽ പനി കുറയും. തുമ്പനീര് ഗർഭാശയശുദ്ധിക്കും, ഗ്യാസ് ട്രബിളിനും നല്ലതാണ്.

''

തൊഴിലുറപ്പ് പദ്ധതിയുടെയും മറ്റും ഭാഗമായി നിരത്ത് വക്കുകളും തുറസായ സ്ഥലങ്ങളും വൃത്തിയാക്കുമ്പോഴും തുമ്പയ്ക്കൊപ്പം തൊട്ടാവാടി,​ കുറുന്തോട്ടി,​ തഴുതാമ,​ ചെറുകറുക,​ മുക്കുറ്റി,​ കുണുക്കിട്ടാട്ടി തുടങ്ങി ധാരാളം പരമ്പരാഗത ചെടികളും നശിപ്പിക്കപ്പെടുന്നുണ്ട്.

ഡോ.സി.കെ പ്രദീപ്, സയന്റിസ്റ്റ്.

ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ

ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പാലോട്