തൊട്ടിലിൽ കിടന്ന് ഉറങ്ങിയ കാലമൊക്കെ ഓർക്കാത്തവർ ആരുമില്ല. മുതിർന്നിട്ടും രഹസ്യമായി തൊട്ടിലിൽ കിടന്നുറങ്ങാൻ ആഗ്രഹിക്കുന്നവരും കുറവല്ല. തൊട്ടിലിന് പകരം നാണക്കേടില്ലാതെ ഊഞ്ഞാലിൽ ആടുന്നവരുമുണ്ട്. എന്നാൽ വ്യായാമത്തിന് തൊട്ടിൽ മികച്ചതെന്ന വിവരം അറിയുന്നത് ഇപ്പോഴാണ്. മെയ് വഴക്കത്തോടെ തൊട്ടിലിൽ ഇരുന്നും കിടന്നും വ്യായാമ മുറകൾ കാട്ടുന്ന യുവതികളുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ജിംനേഷ്യത്തിലാണ് തൊട്ടിൽ വ്യായാമം സജ്ജമാക്കിയിട്ടുള്ളത്. പരിശീലകനുമുണ്ട്. യോഗാസനത്തിന്റെ ധ്യാനത്തിൽ നിന്ന് തുടങ്ങി ശവാസനം വരെയുള്ള ഘട്ടങ്ങളാണ് പ്രധാനമായും ചിത്രീകരിച്ചിട്ടുള്ളത്. അപകട സാദ്ധ്യതയില്ലാതെ എല്ലാ മുറകളും കിറുകൃത്യമായി ചെയ്യുവാൻ തൊട്ടിൽ വ്യായാമത്തിന് കഴിയുന്നുണ്ട്. ശീർഷാസനം സാധാരണ ഗതിയിൽ പ്രയാസമാണെങ്കിലും തൊട്ടിലുണ്ടെങ്കിൽ അതും നിസാരം. പരസഹായമില്ലാതെ കഠിന മുറകൾ അഭ്യസിക്കാൻ കഴിയുമെന്നതാണ് പ്രധാന സവിശേഷത. വീണുപോകുമെന്ന പേടിയുംവേണ്ട. ജിംനേഷ്യങ്ങളിലെല്ലാം തൊട്ടിലുകൾ പ്രത്യക്ഷപ്പെടുന്ന കാലം വിദൂരമല്ല. വീടുകളിലും ഇത് സജ്ജീകരിക്കാം. ആദ്യ പരിശീലനത്തിന് ശേഷം വീടുകളിൽത്തന്നെ വ്യായാമം ചെയ്യുന്നതിന് കഴിയുമെന്നതിനാൽ വീട്ടമ്മമാരെല്ലാം തൊട്ടിൽ വേണമെന്ന വാശി കാട്ടിത്തുടങ്ങിയിട്ടുണ്ട്. വ്യായാമത്തിനുള്ള പല ഉപകരണങ്ങൾക്കും വലിയ തുക ചെലവ് വരുമെന്നിരിക്കെ ബലമുള്ള തുണികൊണ്ട് ചുളുവിൽ തൊട്ടിലൊരുക്കാമെന്ന ആശ്വാസവുമുണ്ട്. തന്റെ സ്വകാര്യ ജിമ്മിലെ ഉപകരണത്തിൽ ഊഞ്ഞാൽകെട്ടി ആടുന്ന മകൾ ഇസയുടെ വീഡിയോ അടുത്തിടെ നടൻ ടൊവിനോ നവമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. അപ്പോഴും ഊഞ്ഞാലും തൊട്ടിലുമൊന്നും മുതിർന്നവർക്ക് വ്യായാമത്തിന് ഉപകരിക്കുമെന്ന് ആരും കരുതിയില്ല. യുവ സുന്ദരിമാർ തൊട്ടിലിൽ ആടി യോഗ ചെയ്യുന്നത് ഷെയർ ചെയ്യുന്ന തിരക്കിലാണ് ഇപ്പോൾ പലരും.