കരുനാഗപ്പള്ളി: ഉപ്പും മുളകും അരിയും എല്ലാം തീർന്നു. അരിയടക്കമുള്ള അവശ്യസാധനങ്ങൾ വാങ്ങിയെങ്കിലേ പറ്റൂ. പക്ഷേ എങ്ങനെ? കുഞ്ഞുങ്ങളുടെ വിശപ്പകറ്രാനുള്ളതുപോലും ആരും കരുതിയിട്ടില്ല. ഈ വിധം സങ്കടപ്പെടുകയാണ് ആലപ്പാട് ഗ്രാമപഞ്ചായത്തിലെ നാട്ടുകാർ. കരുനാഗപ്പള്ളി അസംബ്ളി നിയോജക മണ്ഡലത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ളത് ആലപ്പാട്ട് ഗ്രാമപഞ്ചായത്തിലാണ്. ഇതോടെ ആലപ്പാട്ട് ഗ്രാമപഞ്ചായത്ത് പൂർണമായും അധികൃതർ അടച്ച് പൂട്ടി. പുറം ലോകവുമായി ഗ്രാമപഞ്ചായത്തിന് യാതൊരു ബന്ധവും ഇല്ലാത്ത സ്ഥിതിയാണ്. അഴീക്കൽ മത്സ്യ ബന്ധന തുറമുഖം അടച്ച് പൂട്ടിയതോടെ ആലപ്പാട് ഗ്രാമപഞ്ചായത്ത് വറുതിയുടെ പിടിയിലാണ്.
കുരുന്നുകൾ പട്ടിണിയിൽ
പഞ്ചായത്ത് മുഴുവനായി അടച്ചിടും മുൻപ് ആവശ്യത്തിന് ഭക്ഷ്യസാധനങ്ങൾ സ്വരൂപിക്കാനുള്ള അവസരം പോലും നാട്ടുകാർക്ക് ലഭിച്ചില്ല. ലോക്ക് ഡൗൺ പ്രഖ്യാപിച്ച് 4 ദിവസങ്ങൾ പിന്നിടുമ്പോഴും അവശ്യ സാധനങ്ങൾ കിട്ടാതെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്.ആലപ്പാട്ടേക്കുള്ള ഭക്ഷ്യസാധനങ്ങൾ പൂർണമായും കരുനാഗപ്പള്ളിയിൽ നിന്നുമാണ് കൊണ്ട് പോകുന്നത്. കരുനാഗപ്പള്ളിയിലേക്കുള്ള വഴികൾ പൂർണമായും അടച്ചതോടെ നിത്യോപയോഗ സാധനങ്ങൾ പോലും കിട്ടാതായി. കുട്ടികളും മുതിർന്നവരും ഭക്ഷണം ലഭിക്കാതെ വലയുകയാണ്.
കൈയ്യിൽ കാശുമില്ല
അഴീക്കൽ മത്സ്യബന്ധന തുറമുഖം അടച്ച് പൂട്ടിയതോടെ ജനങ്ങൾ വരുമാനമാർഗമില്ലാതെ ഏറെ ബുദ്ധിമുട്ടിലായിരുന്നു.സർക്കാരിന്റെ നിർദ്ദേശാനുസരണം മത്സ്യബന്ധനത്തിന് പോകാനാകാതെ തൊഴിലാളികൾ വീട്ടിനുള്ളിൽ ഇരിക്കുകയായിരുന്നു. അപ്പോഴാണ് കൂനിന്മനേൽ കുരു എന്ന തരത്തിൽ കൊവിഡ് ആലപ്പാട്ട് ഗ്രാമപഞ്ചായത്തിനെ ഉഴുതു മറിച്ചത്. ഇതോടെ പുറത്തു നിന്നും അകത്തേക്കുള്ള എല്ലാ കവാടങ്ങളും അടച്ച് പൂട്ടി.
ആലപ്പാട്ടുകാർക്ക് ആവശ്യത്തിനുള്ള ഭക്ഷ്യസാധനങ്ങൾ നൽകുന്നതിനുള്ള നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകണം.
പി.ബി.ബാബു
ദേശീയ മത്സ്യ തൊഴിലാളി
കോൺഗ്രസ് കരുനാഗപ്പള്ളി
ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്