പുനലൂർ: കൊവിഡ് വന്നപ്പോൾ നിശ്ചലമായതാണ് റെയിൽവേ സ്റ്റേഷനുകൾ. കൊല്ലം-പുനലൂർ-ചെങ്കോട്ട-തിരുനെൽവേലി റൂട്ടിലെ ട്രെയിൻ സർവീസുകൾ നിശ്ചല മായതോടെ റെയിൽവേ സ്റ്റേഷനുകളിൽ കാട് വളർന്ന് ഇഴ ജന്തുക്കളുടെ കേന്ദ്രമായി മാറിയിരിക്കുന്നു. പുനലൂർ ഉൾപ്പെടെ മിക്ക സ്റ്റേഷനുകളിലെ പ്ലാറ്റ് ഫോമിന് പുറമെ മേൽകൂര വരെ കാട് വളർന്ന് ഉയർന്ന അവസ്ഥയാണ്.
കാര്യമായ മേൽനോട്ടമില്ല
എല്ലാ റെയിൽവേ സ്റ്റേഷനുകളുടെയും മേൽ നോട്ട ചുമതല ആർ.പിഎഫിനായിരുന്നു. എന്നാൽ ട്രാക്ക് പണികളുമായി ബന്ധപ്പെട്ട ജീവനക്കാർ എല്ലാ സ്റ്റേഷനുകളിലും എത്തുമെങ്കിലും പ്ലാറ്റ് ഫോം ഉൾപ്പെടെയുളള സ്ഥലങ്ങളിൽ വളർന്നു കയറിയ കാടുകൾ നീക്കം ചെയ്യാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല. ചെങ്കോട്ടയിൽ നിന്നും കൊല്ലം വരെ ട്രാക്കുകളുടെ പരിശോധനയ്ക്കായി മാസത്തിൽ ഒരു ദിവസം ഇദ്യോഗസ്ഥർ ട്രോളിയിൽ എത്താറുണ്ട്. തമിഴ്നാട്ടിലെ കണ്ടെയ്ൻമെൻറ് സോണികളിൽ നിന്നും ട്രോളിയിൽ എത്തുന്ന ജീവനക്കാർ ഒരോ സ്റ്റേഷനുകളിലെയും ജീവനക്കാരുമായി സമ്പർക്കം പുലർത്തുന്നത് ആശങ്കക്ക് കാരണമാകുന്നതായി പരാതി ഉയർന്നിരുന്നു. അത് കാരണം ഞായറാഴ്ച എൻജിനിൽ എത്തിയായിരുന്നു ട്രാക്ക് പരിശോധനകൾ നടത്തിയത്.
കാടുകയറി മൂടും
ട്രാക്ക് പരിശോധനകൾക്ക് എത്തുന്നവർ റെയിൽവേ സ്റ്റേഷനുകളിലേക്കും, സമീപത്തെ ശൗചാലയങ്ങളിലേകും മറ്റും വളർന്ന് കയറിയ കാടുകൾ നിക്കം ചെയ്യാൻ നിർദ്ദേശം നൽകിയില്ല. ഇത് വഴി ട്രെയിൻ സർവീസ് പുനരാരംഭിക്കാൻ ഇനിയും മാസങ്ങൾ വേണ്ടി വരുമെന്നാണ് അധികൃതർ പറയുന്നത്. അപ്പോഴെക്കും എല്ലാ റെയിൽവേ സ്റ്റേഷനുകളിലും കൂറ്റൻ കാടുകൾ വളർന്ന് യാത്രക്കാർക്ക് കയറാൻ കഴിയാത്ത അവസ്ഥയാകും.