pho
കനത്ത മഴയിൽ അച്ചൻകോവിൽ പടിഞ്ഞാറെ പുറമ്പോക്കിൽ വീടിനോട് ചേർന്ന കട്ടിംഗ് ഇടിഞ്ഞ് വീണ നിലയിൽ..

പുനലൂർ: കനത്ത മഴയിൽ അച്ചൻകോവിലിലെ റോഡ് ഒലിച്ചുപോയി,​ കൂറ്റൻ മൺഭിത്തി ഇടിഞ്ഞ് വീണ് രണ്ട് വീടുകൾക്ക് ഭാഗികമായ നാശം സംഭവിച്ചു. അച്ചൻകോവിൽ പടിഞ്ഞാറെ പുറമ്പോക്കിൽ അജയൻ, സരസമ്മ എന്നിവരുടെ വീടിനോട് ചേർന്ന കൂറ്റൻ മൺ ഭിത്തിയാണ് ഇടിഞ്ഞ് വീണത്.സംഭവ സമയത്ത് അജയന്റെ വികലാംഗകനായ മകനും വീട്ടിനുളളിൽ ഉണ്ടായിരുന്നെങ്കിലും അപകടത്തിൽ നിന്നും രക്ഷപ്പെട്ടു

കഴിഞ്ഞ ദിവസം രാത്രി 7.30 നായിരുന്നു സംഭവം. വൈകിട്ട് നാലിന് ആരംഭിച്ച മഴ രാത്രി 8.30വരെ നീണ്ട് നിന്നു. മഴ ശക്തമായതോടെ അച്ചൻകോവിൽ ഫോറസ്റ്റ് ഡിവിഷണൽ ഓഫീസിന് മുന്നിലൂടെ കടന്ന് പോകുന്ന റോഡ് മല വെള്ളപ്പാച്ചിലിൽ ഒലിച്ച് പോയി. റോഡ് നവീകരിക്കാൻ വേണ്ടി ഇറക്കിയിരുന്നമെറ്റലും ഒലിച്ച് പോയി. റോഡിൽ വൻ കുഴികൾ രൂപപ്പെട്ടു. കല്ലാർ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിന് മുന്നിലൂടെ കടന്ന് പോകുന്ന റോഡിലെ വിള്ളൽ വീണ ചപ്പാത്തും രാത്രി നിലം പതിച്ചു. ഇതോടെ അലിമുക്ക്-അച്ചൻകോവിൽ വന പാതയിലെ ഗതാഗതം രാത്രിയിൽ പൂർണമായും നിലച്ചിരുന്നു.സംഭവം അറിഞ്ഞ നാട്ടുകാർ ഹിറ്റാച്ചിയുമായി എത്തി ചപ്പാത്തിൽ മണ്ണിട്ട് ഗതാഗാതം ഭാഗീകമായി പുനസ്ഥാപിച്ചു. എന്നാൽ മല വെളളപ്പാച്ചിലിൽ ചപ്പാത്ത് ഏത് സമയത്തും തകർന്ന് പോകാവുന്ന അവസ്ഥയിലാണ്.