നിയന്ത്രണം കൈവിട്ടുപോയേക്കും
കൊല്ലം: ജില്ല സമൂഹവ്യാപന വക്കിലെത്തിയിട്ടും നിയന്ത്രണം ലംഘിച്ചെത്തുന്ന അന്യസംസ്ഥാന തൊഴിലാളികൾ ആശങ്ക വർദ്ധിപ്പിക്കുന്നു. കടകളും സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിച്ച് തുടങ്ങിയതോടെ നൂറ് കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് ദിവസവും ജില്ലയിലെത്തുന്നത്.
ദീർഘദൂര ട്രെയിനുകളിലും ചരക്ക് വാഹനങ്ങളിലും ബസുകളിലുമായെത്തുന്ന ഇത്തരക്കാരുടെ വിവരങ്ങൾ ജില്ലാ ഭരണകൂടത്തിന്റെയോ തൊഴിൽ വകുപ്പിന്റെയോ പക്കലില്ല. കശുഅണ്ടി ഫാക്ടറികൾ, ഇഷ്ടികക്കളങ്ങൾ, കൺസ്ട്രക്ഷൻ കമ്പനികൾ, ഹോട്ടലുകൾ, ബേക്കറി, പലഹാര നിർമ്മാണ യൂണിറ്റുകൾ, ഇറച്ചി വിൽപ്പന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജോലി നോക്കിയിരുന്ന ഉത്തരേന്ത്യക്കാരും തമിഴ്നാട്, കർണാടക സ്വദേശികളുമാണ് ഒറ്റയ്ക്കും കൂട്ടായും മടങ്ങിവരുന്നത്.
റെയിൽവേ സ്റ്റേഷനുകളിൽ ഇറങ്ങുന്നവരെ സ്ക്രീനിംഗ് നടത്തി പുറത്ത് വിടുന്നതൊഴിച്ചാൽ മറ്റ് പരിശോധനകളില്ല.
മാസങ്ങൾ നീണ്ട ലോക്ക് ഡൗണിന് ശേഷം പ്രവർത്തനം തുടങ്ങിയ തൊഴിൽ സ്ഥാപനങ്ങളിലെത്തുന്ന ഇത്തരം തൊഴിലാളികളെ ക്വാറന്റൈൻ നിരീക്ഷണത്തിലും പാർപ്പിക്കുന്നില്ല. തീവ്ര രോഗബാധിത മേഖലകളിൽ നിന്ന് എത്തുന്നവർ രോഗഭീതി വർദ്ധിപ്പിക്കുകയാണ്. ട്രോളിംഗ് നിരോധനം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ തമിഴ്നാട്ടിലെ കുളച്ചലുൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് ബോട്ടുകളിൽ പണിയെടുക്കുന്ന മത്സ്യത്തൊഴിലാളികൾ കൂട്ടമായി എത്തിയാൽ തലസ്ഥാനത്തേതുപോലെ ജില്ലയിലും കാര്യങ്ങൾ കൈവിട്ട് പോകും.