കൊല്ലം: പവിത്രമായ സ്‌നാനഘട്ടങ്ങൾ തുറന്നില്ലെങ്കിലും കർക്കടകവാവിൽ പിതൃക്കൾക്ക് ബലി മുടങ്ങിയില്ല. വീടുകൾ ബലിതർപ്പണ ഭൂമിയായി. പരികർമ്മിയെ കേൾക്കാതെ അവരവരുടെ അറിവ് എള്ളിലും പൂവിലും മന്ത്രങ്ങായി ചാലിച്ച് ആയിരങ്ങൾ ബലിയിട്ടു. തർപ്പണം കഴിഞ്ഞ് മുങ്ങിനിവരാനും ഇല സമർപ്പണത്തിനും പുതുവഴി തെളിയുകയും ചെയ്തു. കിണറുകൾക്ക് മുന്നിലെ പഴയ കുളി തർപ്പണ നാൾ തിരിച്ചെത്തി. വീടിനടുത്തുള്ള കുളങ്ങളും ചാലുകളും ഇലയൊഴുക്കാൻ ജനം തിരഞ്ഞെടുക്കുകയും ചെയ്തു.
പുലർച്ചെ 2.30 മുതൽ പകൽ 12 വരെയായിരുന്നു കർക്കടക വാവുബലിക്ക് ഏറ്റവും ഉത്തമം. എന്നാൽ വൈകിട്ട് ആറുവരെയും വീടുകളിൽ ബലിയിട്ടു. വീടുകളിൽ ബലിയിടാൻ നിർബന്ധിതരായതോടെ എല്ലാം അംഗങ്ങൾക്കും ബലിയിടാൻ അവസരവും ലഭിച്ചു. കൊച്ചുകുട്ടികളും യുവതീ യുവാക്കളും പ്രായമായവരുമെല്ലാം വീടിന് പുറത്ത് നിലവിളക്കുവച്ച് നിരയായിരുന്ന് ബലിയിട്ടു.
പിതൃക്കളെ ധ്യാനിച്ച് പൂവും പിണ്ഡവും സമർപ്പിച്ച് കൈകൊട്ടി കാക്കയെ വിളിച്ച് ബലിച്ചോറ് നൽകുകയും ചെയ്തു. ശേഷം പുറത്ത് കുളിച്ച് ബലി പൂർത്തിയാക്കി. ചില സ്‌നാന ഘട്ടങ്ങളിൽ ഒറ്റയ്ക്ക് ബലിയിടാൻ ആളുകളെത്തിയെങ്കിലും പൊലീസ് പറഞ്ഞുവിട്ടു. ക്ഷേത്രങ്ങൾക്ക് പുറത്തെത്തി ബലിക്ക് ശേഷമുള്ള വഴിപാട് കുറിപ്പിച്ചവരും ഏറെയാണ്.