കൊല്ലം: കഞ്ചാവ് കേസിലെ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൊല്ലം എക്സൈസ് ഡിവിഷൻ ഓഫീസ് അടച്ചു. പ്രതിയുമായി പ്രാഥമിക സമ്പർക്കം പുലർത്തിയ അസി.എക്സൈസ് കമ്മിഷണറുൾപ്പെടെ എട്ടുപേരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും ഡെപ്യൂട്ടി എക്സൈസ് കമ്മിഷണറുൾപ്പെടെ രണ്ട് ഡസനോളം ജീവനക്കാരോട് രണ്ടാഴ്ച ക്വാറന്റൈനിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
കൊല്ലം ഓഫീസിൽ എത്തിയ തിരുവനന്തപുരത്തെ രണ്ട് അസി.എക്സൈസ് കമ്മിഷണർമാരും ഒപ്പമുള്ള ജീവനക്കാരും കൊല്ലത്തെ എക്സൈസ് ജീവനക്കാർക്കൊപ്പം ക്വാറന്റൈനിലായിട്ടുണ്ട്. ചിന്നക്കടയിലെ എക്സൈസ് ഡിവിഷൻ ഓഫീസിൽ കഴിഞ്ഞ ചൊവ്വ,ബുധൻ ദിവസങ്ങളിൽ എത്തിയവരും സ്വയം നിരീക്ഷണത്തിലാകാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യാനും ചോദ്യം ചെയ്യാനും നേരിട്ട് ഇടപെട്ട എട്ടുപേരാണ് പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളത്. ഇവരുമായി സമ്പർക്കം പുലർത്തിയവരാണ് മറ്റ് ജീവനക്കാർ. നേരിട്ട് സമ്പർക്കമില്ലാത്തവർ ഏഴ് ദിവസം നിരീക്ഷണത്തിൽ കഴിയണം.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പള്ളിമുക്കിൽ ജ്യൂസ് കട നടത്തുന്ന കാസർകോട് സ്വദേശികളായ രണ്ടുപേരെ കാറിന്റെ സ്റ്റെപ്പിനിക്കുള്ളിൽ ഒളിപ്പിച്ച നാലര കിലോ കഞ്ചാവും ഹാഷിഷ് ഓയിലുമായി കൊല്ലം അസി. എക്സൈസ് കമ്മിഷണർ ബി. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇതിലൊരാൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രതി ക്വാറന്റൈനിൽ കഴിഞ്ഞ കേന്ദ്രത്തിൽ ഒപ്പമുണ്ടായിരുന്ന അഞ്ചോളം പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.