കൊല്ലം: പഴയചിറയെന്നാണ് നാടിന്റെ പേരെങ്കിലും അതുവഴിയുള്ള റോഡ് ചിറയായി മാറുമെന്ന് നാട്ടുകാർ തീരെ കരുതിയില്ല. ചെളി നിറഞ്ഞ റോഡിലൂടെ ബുദ്ധിമുട്ടി യാത്ര ചെയ്യേണ്ട ഗതികേടിലാണിപ്പോൾ പുത്തൂർ പഴയചിറയിലുള്ളവർ. പഴയചിറ ജംഗ്ഷനിൽ നിന്നും കാരിയ്ക്കൽ ചെറുപൊയ്ക ഭാഗങ്ങളിലേക്ക് പോകേണ്ട പ്രധാന റോഡാണ് തീർത്തും ചെളിക്കുണ്ടായി മാറിയത്. ഇടവിട്ട് മഴയും കൂടി ഉള്ളതുകൊണ്ട് ചിലനേരങ്ങളിൽ ഇവിടുത്തെ ദുരിതമേറും. വലിയ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. ഇതിൽ ചെളിയും വെള്ളവും കെട്ടിനിൽക്കുന്നു. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമാണ്. ബൈക്ക് മറിഞ്ഞാൽ ശരീരത്ത് പരിക്കേൽക്കുന്നതിനേക്കാൾ സങ്കടകരമാകും ചെളിക്കുണ്ടിൽ നിന്ന് കരകയറുമ്പോഴുള്ള അവസ്ഥ. ഓഫീസിലേക്ക് പോകാനിറങ്ങിയവർ ചെളിയിൽ പുതഞ്ഞ് വീട്ടിലേക്ക് തിരികെ മടങ്ങിയ സംഭവങ്ങളുമുണ്ട്. കാൽനടയാത്രികർ തെന്നിവീഴുന്നതും പതിവാണ്. ഒഴിഞ്ഞ് നടക്കാൻപോലും സ്ഥലമില്ലാത്ത സ്ഥിതിയാണ്.
ഞാങ്കടവ് പദ്ധതിയ്ക്ക് വേണ്ടി കുഴിച്ചു
ഞാങ്കടവ് കുടിവെള്ള പദ്ധതിയ്ക്ക് വേണ്ടി പൈപ്പിടാൻ വെട്ടിപ്പൊളിച്ചതാണ് റോഡിന്റെ ഈ ഭാഗം. പൈപ്പ് ഇട്ടാലുടൻ റീ ടാറിംഗ് നടത്താമെന്ന് അധികൃതർ ഉറപ്പ് കൊടുത്തിരുന്നതാണ്. എന്നാൽ ആ ഉറപ്പ് കുറുപ്പിന്റെ ഉറപ്പുപോലായി! ആറ് മാസത്തിലധികമായി ഈ ദുരിതം കണ്ടിട്ടും ജനപ്രതിനിധികൾ പോലും ഇടപെടുന്നില്ല.
പ്രതിഷേധങ്ങൾക്ക് പുല്ലുവില
പഴയചിറ- ചെറുപൊയ്ക റോഡിന്റെ ഈ ദുരിതത്തിനെതിരെ പ്രതിഷേധങ്ങൾ ഏറെയുണ്ടായി. പ്രതിഷേധ സൂചകമായി നട്ട വാഴയ്ക്ക് പുതിയ ഇലകൾ വന്നുതുടങ്ങി. ഇനി കുലവെട്ടിയാലും റോഡിന്റെ ഗതികേട് മാറില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. മഴ മാറാതെ നിൽക്കുന്നതിനാൽ ടാറിംഗ് അടക്കമുള്ള ജോലികൾ നടക്കില്ലെന്നാണ് അധികൃതർ പറയുന്നത്. താത്കാലിക പരിഹാരം എന്ന നിലയിൽ വെള്ളം വെട്ടിവിട്ട് ചെളികോരി മാറ്റി പാറപ്പൊടിയും മറ്റും ഇടാവുന്നതാണ്. ഇത്രയെങ്കിലും ചെയ്യാൻ പഞ്ചായത്ത് അധികൃതരെങ്കിലും മുൻകൈയെടുത്തേ പറ്റു. ഈ മാസം പത്തിന് 'ചെളിക്കുണ്ടായി പഴയചിറ - ചെറുപൊയ്ക റോഡ് ' എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. എന്നിട്ടും ഇതുവരെ അധികൃതർക്ക് അനക്കമുണ്ടായിട്ടില്ല.