സാമ്പിൾ പരിശോധന നിലച്ചു
കൊല്ലം: തീരദേശഗ്രാമമായ പണ്ടാരത്തുരുത്തിലെ കൊവിഡ് വ്യാപനം കരുനാഗപ്പള്ളി താലൂക്കിന്റെ തീരപ്രദേശത്തെ ഭീതിയിലാക്കി. ആലപ്പാട് പഞ്ചായത്തിലെ പണ്ടാരത്തുരുത്ത് വാർഡിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 22 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതാണ് ആരോഗ്യപ്രവർത്തകരെയും ജനങ്ങളെയും ആശങ്കയിലാക്കിയത്.
കുലശേഖരപുരം പോസ്റ്റ് ഓഫീസിലെ പോസ്റ്റ്‌മാന്റെ സമ്പർക്ക പട്ടികയിലുൾപ്പെട്ട കുടുംബങ്ങൾക്കാണ് രോഗ വ്യാപനമുണ്ടായത്. ഇതോടെ പ ണ്ടാരത്തുരുത്തിനെ പ്രത്യേക ക്ളസ്റ്ററാക്കി തിരിച്ച് തീവ്രബാധിത മേഖലയിൽപ്പെടുത്തി നിയന്ത്രണങ്ങൾ കർശനമാക്കി. തീരദേശത്തേക്കുള്ള റോഡുകളും പാലങ്ങളും അടച്ച് പൊലീസ് കാവലേർപ്പെടുത്തി. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുൾപ്പെട്ട 136 പേരെ കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും ഇന്നലെ പരിശോധന നടത്താതിരുന്നത് പ്രതിഷേധങ്ങൾക്കിടയാക്കി.
മൊബൈൽ ലാബ് പ്രദേശത്ത് എത്തിച്ച് പരിശോധന നടത്താനും ആലപ്പാട്ടേക്ക് മെഡിക്കൽ സംഘത്തെ നിയോഗിക്കാനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ആർ. രാമചന്ദ്രൻ എം.എൽ.എ അറിയിച്ചു. എന്നാൽ പഞ്ചായത്തിലും ആലപ്പാട് പ്രാഥമികാരോഗ്യകേന്ദ്രത്തിലും മീറ്റിംഗുകൾ നടക്കുന്നതല്ലാതെ ജനങ്ങളുടെ ഭീതിയകറ്റാനും പരിശോധന കാര്യക്ഷമമാക്കാനുമുമുള്ള യാതൊരു ശ്രമങ്ങളും ഉണ്ടാകുന്നില്ലെന്ന് വാർഡ് മെമ്പർ ഷീബാബാബു വെളിപ്പെടുത്തി.
''
തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് അണുനശീകരണ പ്രവർത്തനങ്ങൾക്ക് രണ്ട് ദിവസത്തേക്ക് അടച്ചതിനാലാണ് പരിശോധന ഉണ്ടാകാതിരുന്നത്.
ആർ. രാമചന്ദ്രൻ എം.എൽ.എ