കൊല്ലം: അഞ്ഞൂറ് കൊവിഡ് ബാധിതരെ ചികിത്സിക്കാനുള്ള സൗകര്യങ്ങളുമായി കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷനിലെ കോളേജിൽ നഗരത്തിലെ രണ്ടാം ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഒരുങ്ങുന്നു. രണ്ട് ദിവസത്തിനുള്ളിൽ ഇവിടുത്തെ സജ്ജീകരണങ്ങൾ പൂർത്തിയാകും.
കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ ആരംഭിച്ച സെന്ററിൽ 250 കിടക്കകളാണുള്ളത്. ഡോക്ടർമാരുടെ കാബിനടക്കം ഏറെ നിർമ്മാണ പ്രവൃത്തികൾ ഇവിടെ നടത്തേണ്ടി വന്നതിനാൽ 22 ലക്ഷം രൂപയോളം ചെലവ് വന്നിരുന്നു. എന്നാൽ ഇപ്പോൾ സജ്ജീകരണം പുരോഗമിക്കുന്ന കേന്ദ്രത്തിൽ ഇത്രയധികം തുക ചെലവാകില്ല.
സീറ്റുകൾ ഉറപ്പിച്ച് ഘടിപ്പിച്ചിട്ടില്ലാത്ത ഓഡിറ്റോറിയങ്ങൾ ഏറ്റെടുക്കാനുള്ള നടപടിയും പുരോഗമിക്കുകയാണ്. പ്രത്യേകം മുറികളിൽ കഴിയുമ്പോൾ രോഗികൾക്കുണ്ടാകുന്ന മാനസിക പിരുമുറുക്കം ഒഴിവാക്കാനാണ് തുറന്ന ഹാളുകൾ ഏറ്റെടുക്കുന്നത്. രോഗികളെ വേഗത്തിൽ എത്തിക്കാനുള്ള ഗതാഗത സൗകര്യമുള്ളിടങ്ങളാകും പുതുതായി ഏറ്റെടുക്കുക.
2700 കിടക്കകൾ സജ്ജമാക്കും
നഗരപരിധിയിൽ മാത്രം ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റിന് 2700 കിടക്കകൾ സജ്ജമാക്കുകയാണ് ലക്ഷ്യം. ഇപ്പോൾ സജ്ജീകരണങ്ങൾക്ക് നഗരസഭയുടെ ഫണ്ടിൽ നിന്നാണ് തുക ചെലവഴിക്കുന്നത്. ഇനി കട്ടിൽ, വാഷിംഗ് മെഷീൻ, വസ്ത്രങ്ങൾ തുടങ്ങിയവ സംഭാവനയിലൂടെയാകും സ്വരൂപിക്കുക.
ചികിത്സ ലഭ്യമാക്കുന്നത് ആർക്ക് ?
കൊവിഡ് സ്ഥിരീകരിച്ചെങ്കിലും ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരെയാണ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ചികിത്സിക്കുക. നഗരത്തിലെ പ്രാഥമിക, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലെയും ജില്ലാ ആശുപത്രിയിലെയും ഡോക്ടർമാരെയും പാരാ മെഡിക്കൽ ജീവനക്കാരെയുമാകും രോഗികളെ പരിചരിക്കാൻ നിയോഗിക്കുക. ഓൺലൈനായി വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ ഇന്റർനെറ്റ് അടക്കമുള്ള സംവിധാനങ്ങളും ഇവിടെയുണ്ടാകും. രോഗികൾക്കുള്ള ഭക്ഷണം, ശുചീകരണം എന്നീ ചുമതലകൾ നഗരസഭയ്ക്കാണ്.