kundara-road
കൊല്ലം - തേനി ദേശീയപാതയിൽ കുണ്ടറ കച്ചേരിമുക്കിന് സമീപം ഇരുവശവും കാടുമൂടിയ നിലയിൽ

കുണ്ടറ: കൊല്ലം - തേനി ദേശീയപാതയിൽ ഇളമ്പള്ളൂർ മുതൽ കടപുഴ പാലം വരെയുള്ള റോഡിന്റെ ഇരുവശങ്ങളും കാടുമൂടുന്നു. എതിർദിശയിൽ നിന്നുവരുന്ന വാഹനങ്ങൾ പോലും കാണാൻ കഴിയാത്ത തരത്തിൽ കാട് പടർന്നുപിടിച്ചതോടെ വാഹനയാത്രികർ അപകടഭീഷണിയിലാണ്. റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരച്ചില്ലകളും അപകടസാധ്യത വർദ്ധിപ്പിക്കുന്നുണ്ട്.

ദേശീയപാതയിൽ ഹൈസ്കൂൾ ജംഗ്ഷൻ മുതൽ കടപുഴ പാലം വരെ 38 കിലോമീറ്ററോളം താരതമ്യേന വീതികുറവാണ്. ഇതിൽ ഇളമ്പള്ളൂർ മുതൽ കടപുഴ പാലം വരെയുള്ള ആറ് കിലോമീറ്റർ ഭാഗത്താണ് മുൾച്ചെടിയുൾപ്പെടെ പടർന്നുപന്തലിച്ചത്. നടപ്പാതയില്ലാത്തതിനാൽ കാൽനടയാത്രികർ റോഡിലേക്ക് കയറി നടക്കേണ്ടി വരുന്നത് ജീവന് തന്നെ ഭീഷണിയാകുന്നുണ്ട്. ദിശാഫലകങ്ങളും സൂചനാ ബോർഡുകളും കാടുകൾ വളർന്ന് മറഞ്ഞുകഴിഞ്ഞു.

തൊഴിലുറപ്പ് തൊഴിലാളികളാണ് മുമ്പ് ഈ ഭാഗത്തെ കാട് വെട്ടിത്തെളിച്ചിരുന്നത്. ഇത്തരം ജോലികൾ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് നീക്കിയതാണ് പ്രദേശത്ത് കാട് അമിതമായി വളരാൻ കാരണമായത്. കാട് തെളിക്കുകയും റോഡിന്റെ കിഴക്കേകല്ലട ഭാഗത്തുള്ള ഓടയ്ക്ക് മുകളിൽ സ്ളാബുകൾ നിരത്തി നടപ്പാതയൊരുക്കണമെന്നത് നാട്ടുകാരുടെ ഏറെനാളത്തെ ആവശ്യമാണ്.

 ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് പ്രാഥമിക സർവേ നടപടികൾ പൂർത്തിയാക്കി. വിശദമായ സർവേ നടപടികൾ ഉടൻ ആരംഭിക്കും. വീതികുറവുള്ള ഇളമ്പള്ളൂർ - കടപുഴ ഭാഗത്തെ കാടുമൂടിയ ഭാഗത്ത് അടിയന്തരമായി വേണ്ട നടപടി സ്വികരിക്കും.

ജോൺ കെന്നത്ത്

(എക്സി. എൻജിനീയർ, ദേശീയപാതാ അതോറിറ്റി)


 പാതയുടെ ഇരുവശവും കാടൂമുടിയതിനാൽ കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. രാത്രിയായാൽ ഇഴജന്തുകളുടെ ശല്യം ഭയന്ന് റോഡിലേക്ക് കയറിയാണ് വഴിയാത്രക്കാർ നടക്കുന്നത്.

ചന്ദ്രൻ കല്ലട

(കോൺഗ്രസ് കിഴക്കേകല്ലട മണ്ഡലം പ്രസിഡന്റ്)