covid

 ബുധനാഴ്‌ച മുതൽ ഒ.പി പ്രവർത്തിക്കില്ല

കൊല്ലം: ജില്ലാ ആശുപത്രിയിൽ കൊവിഡ് രോഗികൾക്ക് ചികിത്സ നൽകി തുടങ്ങി. ഞയറാഴ്ച അർദ്ധരാത്രി മുതലാണ് രോഗികളെ എത്തിച്ച് തുടങ്ങിയത്. 500 കൊവിഡ് രോഗികൾക്ക് ചികിത്സ നൽകാൻ സൗകര്യമുള്ള പാരിപ്പള്ളി മെഡിക്കൽ കോളേജിൽ രോഗികളുടെ എണ്ണം വർദ്ധിച്ചതോടെയാണ് ജില്ലാ ആശുപത്രിയിൽ കൊവിഡ് ചികിത്സ തുടങ്ങിയത്.

ഇന്നലെ എത്തിച്ച രോഗികളിൽ പ്രാഥമിക പരിശോധനകൾക്ക് ശേഷം രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് മാറ്റി. രോഗ ലക്ഷണങ്ങൾ ഉള്ളവരെ ജില്ലാ ആശുപത്രിയിലെ പേ വാർഡുകളിലും അനെക്‌സിലുമായി താമസിപ്പിച്ചാണ് ചികിത്സ നൽകുന്നത്. മറ്റ് രോഗങ്ങളുമായി ചികിത്സയിൽ കഴിയുന്ന പത്തിൽ താഴെ രോഗികൾ ജനറൽ വാർഡിലുണ്ട്. ഇവരെ ഇന്നത്തോടെ ഡിസ്ചാർജ് ചെയ്ത് ജനറൽ വാർഡ് പൂർണമായും കൊവിഡ് ചികിത്സയ്ക്കായി മാറ്റും.

പൂർണമായും കൊവിഡ് ആശുപത്രിയായി മാറിയതോടെ ബുധനാഴ്ച മുതൽ ജില്ലാ ആശുപത്രിയിൽ ഒ.പി ഉണ്ടാകില്ല. 300 കിടക്കകളാണ് ജില്ലാ ആശുപത്രിയിൽ കൊവിഡ് ചികിത്സയ്ക്കായി സജ്ജമാക്കുന്നത്. 72 ഡോക്‌ടർമാരുള്ള ജില്ലാ ആശുപത്രിയിലെ സ്പെഷ്യാലിറ്റി ഡോക്ടർമാർ, കൊവിഡ് ചികിത്സ നടത്താൻ ബുദ്ധിമുട്ടുള്ളവർ എന്നിവരെ പുനർ വിന്യസിക്കും. പകരം ഡോക്ടർമാരെ ജില്ലാ ആശുപത്രിയിലേക്ക് നിയോഗിക്കും. ഡോക്ടർമാർ, ജീവനക്കാർ എന്നിവരെ മൂന്ന് സംഘങ്ങളായി തിരിക്കും.

ജില്ലാ ആശുപത്രിയിൽ ലഭ്യമായിരുന്ന സേവനങ്ങൾ കരുനാഗപ്പള്ളി, ശാസ്താംകോട്ട താലൂക്ക് ആശുപത്രികളിലും ആശ്രാമം ഇ.എസ്.ഐ ആശുപത്രിയിലുമായി സജ്ജമാക്കാനാണ് ശ്രമിക്കുന്നത്.

അത്യാഹിത വിഭാഗം തത്കാലം പ്രവർത്തിക്കും

പൂർണമായും കൊവിഡ് ആശുപത്രിയായി മാറിയെങ്കിലും അത്യാഹിത വിഭാഗം തത്കാലത്തേക്ക് പ്രവർത്തിക്കും. കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറുടെ സേവനം ഇവിടെ ലഭിക്കും. സാഹചര്യത്തിന്റെ ഗൗരവം അനുസരിച്ച് ഫിസിഷ്യൻ, സർജൻ എന്നിവരുടെ സേവനം ലഭ്യമാക്കും. പക്ഷേ കൊവിഡ് രോഗികളുടെ എണ്ണം ഉയർന്നാൽ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കും. ഏത് നിമിഷവും അടച്ചേക്കാവുന്ന താത്കാലിക സംവിധാനമെന്ന തരത്തിൽ മാത്രമാണ് അത്യാഹിത വിഭാഗം പ്രവർത്തിപ്പിക്കുക.

കാത്ത് ലാബ്, കീമോ തെറാപ്പി സൗകര്യം

ഡയാലിസിസ്, കാത്ത് ലാബ്, കീമോ തെറാപ്പി യൂണിറ്റുകളുടെ പ്രവർത്തനം മുടങ്ങാതിരിക്കാനുള്ള പരിശ്രമം നടത്തുകയാണ്. വിക്ടോറിയ ആശുപത്രിയുടെ പ്രധാന കവാടത്തിന്റെ ഭാഗത്ത് കൂടി ഇവിടേക്ക് പ്രവേശനമൊരുക്കും. ഇവിടെ ബാരിക്കേഡ് കെട്ടി വേർതിരിച്ച് തുടങ്ങി. കൊവിഡ് രോഗികളുടെ എണ്ണം പരിധിവിട്ട് ഉയർന്നാൽ ഈ യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കും.

സൗകര്യങ്ങൾ

കിടക്കകൾ: 300

ഐ.സി.യു കിടക്കകൾ: 16

വെന്റിലേറ്ററുകൾ: 10

''

ജില്ലാ ആശുപത്രിയിൽ കൊവിഡ് ചികിത്സ തുടങ്ങി. സൗകര്യങ്ങളെല്ലാം സജ്ജമാണ്.

ഡോ. വസന്തദാസ്, കൊല്ലം

ജില്ലാ ആശുപത്രി സൂപ്രണ്ട്