കരുനാഗപ്പള്ളി: അറബികടലിനോട് ചേർന്ന് കിടക്കുന്ന ആലപ്പാട് ഗ്രാമപഞ്ചായത്തിൽ കടൽ ആക്രമണം രൂക്ഷമായി. ഇന്നലെ വൈകിട്ട് 3 മണിയോടെ ആരംഭിച്ച കടൽ ക്ഷോഭം രാത്രിയിലും തുടരുകയാണ്. ചെറിയഴീക്കൽ, ആലപ്പാട്, കുഴിത്തുറ, ശ്രായിക്കാട് അഴീക്കൽ, പഞ്ചാരത്തോപ്പ് എന്നിവിടങ്ങളിലാണ് ശക്തമായ തിരമാലകൾ അടിച്ച് കയറുന്നത്. ഇവിടങ്ങളിൽ കടൽ ഭിത്തുകൾ പൂർണമായും തകർന്ന് കിടക്കുകയാണ്. പുലിമുട്ടുകളുടെ എണ്ണവും കുറവാണ്. കടലിൽ നിന്നും അടിച്ച് കയറുന്ന തിരമാലകൾ കിഴക്ക് ഭാഗത്തേക്ക് ഒഴുകി ടി.എസ്.കനാലിൽ പതിക്കുന്നു. അടുത്തിടെ പുനരുദ്ധരിച്ച വെള്ളനാതുരുത്ത് അഴീക്കൽ റോഡും തകർച്ചയുടെ ഭീഷണിയിലാണ്. കടലിൽ നിന്നും കൂറ്രൻ തിരമാലകൾക്കൊപ്പം കരയിലേക്ക് അടിച്ച് കയറിയ കരമണൽ റോഡിൽ കുന്നുകൂടി കിടക്കുന്നു. ആലപ്പാട് പഞ്ചായത്തിന്റെ സമുദ്രതീരം കടൽ ക്ഷോഭത്തിൽ തകർന്നടിയുകയാണ്. റോഡിന്റെ പടിഞ്ഞാറ് വശം സമുദ്ര തീരത്ത് താമസിക്കുന്നവർ കിഴക്ക് ഭാഗത്തേക്ക് മാറിക്കഴിഞ്ഞു.