കൊല്ലം: കൊട്ടാരക്കരയിൽ കനത്ത ആശങ്ക. 27 പേർക്ക് ഇന്നലെ ആദ്യ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. ഔദ്യോഗിക അറിയിപ്പിൽ എട്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചതെങ്കിലും റാപ്പിഡ് ടെസ്റ്റിൽ കൂടുതൽ പോസിറ്റീവ് സ്ഥിരീകരിച്ചതിന്റെ ഭീതിയിലാണ് ജനം. മുസ്ളീം സ്ട്രീറ്റ്, അവണൂർ, വെട്ടിക്കവല പഞ്ചായത്തിൽപെടുന്ന തലച്ചിറ ഭാഗങ്ങളിലാണ് കൂടുതൽപേർക്ക് രോഗബാധയുണ്ടായിട്ടുള്ളത്. കൊവിഡ് സ്ഥിരീകരിച്ചവരുമായി സമ്പർക്കം നടത്തിയ മുന്നൂറുപേർ ഇന്നലെ സ്രവ പരിശോധന നടത്തി. ഇതിന്റെ പകുതിയിൽ താഴെ മാത്രമേ ആദ്യ പരിശോധാ ഫലം പുറത്തുവിട്ടിട്ടുള്ളൂ. മത്സ്യ വ്യാപാരികളടക്കമുള്ളവർക്ക് രോഗം പടർന്നതാണ് വ്യാപനത്തിന് കാരണമായത്. മുസ്ളീം സ്ട്രീറ്റിൽ അതീവസുരക്ഷാ മേഖലയായി തരംതിരിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. നഗരസഭയിൽ റെഡ് സോൺ കണ്ടെയ്ൻമെന്റ് നടപ്പാക്കിയിട്ടുണ്ട്. പൊലീസ് നിരത്തുകളിൽ കർശന നിരീക്ഷണമാണ് നടത്തുന്നത്. ആരോഗ്യ വകുപ്പ് അധികൃതർ വിശ്രമ രഹിതമായി പ്രദേശങ്ങളിൽ ഇടപെടുന്നുണ്ട്. പൊലീസ് സ്റ്റേഷനിലെ സി.ഐ ഉൾപ്പടെ പന്ത്രണ്ട് പേർ നിരീക്ഷണ കേന്ദ്രത്തിലായെങ്കിലും പകരം സംവിധാനങ്ങൾ ഏർപ്പെടുത്തി. എന്നാൽ പൊതുജനങ്ങൾക്ക് സ്റ്റേഷനിലേക്ക് പ്രവേശനമില്ല.

എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം

കൊട്ടാരക്കരയിൽ കൂടുതൽപേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ച സാഹചര്യത്തിൽ പി.ഐഷാപോറ്റി എം.എൽ.എയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം വിളിച്ചുചേർത്തു. താലൂക്ക് ഓഫീസിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു. മുസ്ളീം സ്ട്രീറ്റ്, അവണൂർ ഭാഗങ്ങളിൽ സമൂഹ വ്യാപനത്തിന് തുല്യമായ അവസ്ഥയെത്തിയതിനാൽ വേണ്ടുന്ന നടപടികളാണ് പ്രധാനമായും ആലോചിച്ചത്. ആംബുലൻസുകൾ സജ്ജമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. കൊട്ടാരക്കര സത്യസായി ആശുപത്രിയോട് ചേർന്നുള്ള നഴ്സിംഗ് കോളേജും പുലമൺ ബ്രദറൻ ഹാളും കലയപുരം മാർ ഇവാനിയോസ് സ്കൂളും കൊവിഡ് ഫസ്റ്റ് ട്രീറ്റ്മെന്റ് സെന്ററാക്കി ഉടൻ പ്രവർത്തനം തുടങ്ങാൻ യോഗം തീരുമാനിച്ചു. ഇവിടേക്കുള്ള ക്രമീകരണങ്ങൾ പൂർത്തീകരണ ഘട്ടത്തിലാണ്.