തൊടിയൂർ: പഞ്ചായത്തിലെ പുത്തൻകുളങ്ങര ഭാഗത്ത് ഡെങ്കിപ്പനി പടരുന്നു.നാലു സ്ത്രീകളാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്.കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.എന്നാൽ ഇവരെ ആശുപത്രിയിൽ കിടത്തി ചികിത്സിക്കാൻ കഴിയാത്ത സാഹചര്യമായതിനാൽ മരുന്നു നൽകി വീടുകളിലേക്ക് വിടുകയായിരുന്നു.
ഇതിൽ രണ്ടു പേരെ ഇന്നലെ വൈകിട്ട് വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആരോഗ്യ പ്രവർത്തകർ രോഗികളുടെ വീടുകളിൽ പരിശോധന നടത്തുകയും മാർഗനിർദ്ദേശങ്ങൾ നൽകയും ചെയ്തു. കൊവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനി കൂടി വ്യാപിക്കുന്നതിൽ നാട്ടുകാർ ആശങ്കയിലാണ്..

ഡെങ്കിപ്പനി ലക്ഷണങ്ങൾ

രോഗാണു ശരീരത്തിലെത്തിക്കഴിഞ്ഞാൽ രണ്ടു മുതൽ ഏഴു ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും.
കടുത്ത പനി, കടുത്ത തലവേദന, കണ്ണിന് ചുറ്റുമുള്ള വേദന, പേശികളിലും സന്ധികളിലുമുള്ള കടുത്ത വേദന, ക്ഷീണം, ഛർദി, നിർജ്ജലീകരണം എന്നിവയൊക്കെയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ. വൈറസ് സാന്നിധ്യം ഉണ്ടോയെന്ന് കണ്ടെത്താൻ രക്തപരിശോധനയാണ് നടത്തേണ്ടത്. റിവേഴ്സ് ട്രാൻസ്‌ക്രിപ്‌റ്റേയ്സ് പോളിമെറേസ് ചെയിൻ റിയാക്ഷൻ, എൻസൈം ലിങ്ക്ഡ് ഇമ്മ്യൂണോസോർബന്റ് അസായ്സ് എന്നീ പരിശോധനകൾ വഴി രോഗം നിർണയിക്കാം. ഡെങ്കിപ്പനിക്ക് കൃത്യമായ ചികിത്സയില്ല. രോഗലക്ഷണങ്ങൾ കണ്ടെത്തി അവ കുറയ്ക്കാനുള്ള ചികിത്സയാണ് നൽകുന്നത്.