കൊല്ലം: ആക്കോലിലും പരിസരത്തുമുള്ള കൊവിഡ് വ്യാപനത്തിന്റെ ഉറവിടത്തിൽ വ്യക്തതയില്ല. ഇരവിപുരം ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസിൽ കഴിഞ്ഞ 14ന് ശേഖരിച്ച 126 പേരുടെ സ്രവത്തിന്റെ പരിശോധനാഫലം പുറത്തുവന്നപ്പോഴാണ് ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
ഈ മാസം ആദ്യവാരം കൊവിഡ് ബാധിച്ച് മരിച്ച വാളത്തുംഗൽ സ്വദേശിയുടെ കുടുംബാംഗങ്ങളുടെ സമ്പർക്ക പട്ടികയിൽ ഇല്ലാത്തവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതാണ് ഉറവിടത്തെ സംബന്ധിച്ച് അവ്യക്തത സൃഷ്ടിക്കുന്നത്. ലക്ഷണങ്ങൾ പ്രകടമാകാത്ത രോഗബാധിതർ മറ്റു പ്രദേശങ്ങളിലേത് പോലെ ഇവിടെയുമുണ്ടാകാം എന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. ചവറ, ശാസ്താംകോട്ട എന്നിവിടങ്ങളിലും ജില്ലയുടെ കിഴക്കൻ മേഖലയിലും ഉണ്ടായതുപോലെ മത്സ്യക്കച്ചവടക്കാരിൽ നിന്നോ അന്യസംസ്ഥാന തൊഴിലാളികളിൽ നിന്നോ രോഗവ്യാപനം ഉണ്ടാകാനുള്ള സാദ്ധ്യതയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പങ്കുവയ്ക്കുന്നു.
ആശങ്കയുടെ പശ്ചാത്തലത്തിൽ ഈ മേഖലയിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതിനൊപ്പം ബോധവത്കരണവും ഊർജ്ജിതമാക്കിയിട്ടുണ്ട്. രോഗവ്യാപനത്തിന്റെ യഥാർത്ഥ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ പാലത്തറ ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസിൽ നടക്കുന്ന സാമ്പിൾ ശേഖരണത്തിൽ ആക്കോലിലും പരിസര പ്രദേശങ്ങളിലും ഉള്ളവരുടെ സ്രവങ്ങളും ശേഖരിക്കും.