photo

കൊല്ലം: കൊവിഡ് രോഗികളുടെ മുഷിച്ചിൽ മാറ്റാൻ പുസ്തകങ്ങൾ ലഭ്യമാക്കാനൊരുങ്ങി കൊല്ലം ജില്ലാ കളക്ടർ. കഥയും കവിതയും നോവലുമടക്കം എല്ലാത്തരം പുസ്തകങ്ങളും എത്തിയ്ക്കാനാണ് പദ്ധതി. കൂട്ടത്തിൽ കുട്ടികൾക്കുള്ള പ്രസിദ്ധീകരണങ്ങളുമുണ്ട്. പൊതുജനങ്ങളിൽ നിന്നും പുസ്തകങ്ങൾ സമാഹരിക്കും. കളക്ടറേറ്റിലും താലൂക്ക് ആസ്ഥാനങ്ങളിലും അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പുസ്തകം ഏറ്റുവാങ്ങാൻ സൗകര്യങ്ങളൊരുക്കും. ഇവിടെ നിന്നും കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് പുസ്തകങ്ങൾ മാറ്റാനാണ് തീരുമാനം. വായിച്ച് ശീലമുള്ളവർക്കും പുതുവായനക്കാർക്കും വേണ്ടുവോളം പുസ്തകം നൽകാനുള്ള പദ്ധതി വിജയം കാണുമെന്നാണ് പ്രതീക്ഷ. ഉറ്റവരെ പിരിഞ്ഞ് കൊവിഡ് വാർഡിലും നിരീക്ഷണ കേന്ദ്രങ്ങളിലുമൊക്കെ കഴിയുന്നവർക്ക് താത്കാലിക ആശ്വാസത്തിനെങ്കിലും പുസ്തകങ്ങൾ ഉപകരിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. എഴുതാൻ താത്പര്യമുള്ളവർക്ക് അതിനും സൗകര്യമൊരുക്കും.

പുസ്തകങ്ങൾ പുതുജീവൻ നൽകും

കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലുള്ളവർക്ക് പുസ്തകങ്ങൾ പുതുജീവൻ നൽകും, പുതിയ കാഴ്ചപ്പാടുകളുമുണ്ടാകും. മനസുകൾക്ക് ആശ്വാസവും. നമ്മുടെ സഹോദരങ്ങൾക്കായി എല്ലാവരും പുസ്തകങ്ങൾ സംഭാവന ചെയ്യണം.

ബി.അബ്ദുൾ നാസർ, ജില്ലാ കളക്ടർ