കൊല്ലം: കൊട്ടാരക്കരയിൽ സൂപ്പർ സ്പ്രെഡ്, ഗർഭിണികളും കുട്ടികളുമടക്കം അൻപതിലധികം പേർ കൊവിഡ് രോഗബാധിതരെന്ന് ആദ്യ പരിശോധനാ ഫലം. സമ്പർക്കത്തിലൂടെ രോഗ വ്യാപനം നടന്ന കൊട്ടാരക്കര മുസ്ളീം സ്ട്രീറ്റിൽ നിന്നും ഇന്നലെ മുന്നൂറുപേരെ റാപ്പിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇതിൽ വൈകിട്ടുവരെ 27 പേർക്ക് പോസിറ്റീവ് കണ്ടെത്തിയതിനെ തുടർന്ന് പ്രദേശത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. രാത്രി വൈകി കൂടുതൽ ഫലമെത്തിയപ്പോഴാണ് അൻപതിലധികം പേരിലേക്ക് രോഗ വ്യാപനം നടന്ന വിവരം വ്യക്തമായത്. ഇതോടെ മുസ്ളീം സ്ട്രീറ്റ്, അവണൂർ ഭാഗങ്ങളിലെ ജനം തീർത്തും ഭീതിയിലായി. രാത്രിതന്നെ 27പേരെ വാളകത്തും കൊല്ലത്തുമായുള്ള കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റി. ആംബുലൻസുകൾ ഒന്നിനുപുറകെ ഒന്നായി എത്തിയാണ് ജാഗ്രതയോടെ രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
കൊവിഡ് സ്ഥീരീകരിച്ച ഒരാളെ കാണാതായത് പരിഭ്രാന്തി പരത്തിയിരുന്നു. അർദ്ധരാത്രിയോടെയാണ് ഒരു കടയുടെ മുകളിൽ മദ്യ ലഹരിയിൽ ഉറങ്ങുകയായിരുന്ന ഇദ്ദേഹത്തെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മുസ്ളീം സ്ട്രീറ്റിലേക്കുള്ള ഇടവഴികൾ അടക്കം എല്ലാ റോഡുകളും അടച്ചു. വീട്ടിൽ നിന്നും ആരും പുറത്തിറങ്ങരുതെന്നാണ് പൊലീസും ആരോഗ്യ വകുപ്പും നിർദ്ദേശിക്കുന്നത്. നഗരസഭയുടെ അനൗൺസ്മെന്റ് വാഹനങ്ങളും എല്ലാ പ്രദേശത്തും എത്തുന്നുണ്ട്. സൂപ്പർ സ്പ്രെഡ് ഉണ്ടായതിന്റെ ആശങ്കയിലാണ് ജില്ലാ ഭരണകൂടം. കടുത്ത നിയന്ത്രണങ്ങളിലേക്ക് കൊട്ടാരക്കര നഗരസഭാ പ്രദേശമെത്തും.
ഇന്നലെ പി.ഐഷാപോറ്റി എം.എൽ.എയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം വിളിച്ചുചേർത്ത് അടിയന്തര സാഹചര്യങ്ങൾ വിലയിരുത്തി. മൂന്ന് ഫസ്റ്റ് ലൈൻ ട്രീറ്റ് മെന്റ് സെന്റർ തുടങ്ങാനുള്ള തീരുമാനമെടുത്തു. നാളെ ഇവ തുറന്നേക്കും. മത്സ്യ വ്യാപാരികളുടെ സമ്പർക്കത്തിലൂടെയാണ് മുസ്ളീം സ്ട്രീറ്റിൽ രോഗ വ്യാപനമുണ്ടായത്. ചടയമംഗലത്ത് മത്സ്യ മൊത്തവ്യാപാര കേന്ദ്രത്തിൽ നിന്നും തലച്ചിറ സ്വദേശികൾ മത്സ്യം എടുത്തിരുന്നു. ഇവർക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇവരുമായി സമ്പർക്കം നടത്തിയ കൊട്ടാരക്കരക്കാർക്കും രോഗവ്യാപനമുണ്ടായത്. തീവ്രവ്യാപനമാണ് മുസ്ളീം സ്ട്രീറ്റിൽ ഉണ്ടായതെന്ന് അധികൃതർ വിലയിരുത്തി.