spread

 പത്ത് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സജ്ജം

കൊല്ലം: രോഗലക്ഷണങ്ങൾ പ്രകടമാകാത്ത കൊവിഡ് ബാധിതരെ ചികിത്സിക്കാനായി ജില്ലയിൽ 10 ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സജ്ജമായി. 1,440 കിടക്കകളാണ് ഇവിടെയുള്ളത്.

ജില്ലയിൽ ഏറ്റവുമാദ്യം പ്രവർത്തനം തുടങ്ങിയ വാളകം മേഴ്സി ആശുപത്രിയടക്കം ആറ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ പ്രവർത്തനം തുടങ്ങി.

രോഗ വ്യാപനം വർദ്ധിക്കുകയാണെങ്കിൽ ബാക്കി നാലിടത്ത് ഇന്ന് മുതൽ ഒരുപക്ഷെ രോഗികളെ പ്രവേശിപ്പിച്ചേക്കും. ഇവിടുത്തേക്ക് ഡോക്ടർമാരെയും പാരാ മെഡിക്കൽ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. ഈയാഴ്ച രണ്ടായിരം കിടക്കകളും ഈമാസം അവസാനത്തോടെ അയ്യായിരം കിടക്കകളും സജ്ജമാക്കുകയാണ് ലക്ഷ്യം. രോഗവ്യാപനം വർദ്ധിക്കുകയാണെങ്കിൽ അടുത്തമാസം 5000 കിടക്കകൾ കൂടി ഒരുക്കും.

പതിനായിരം കിടക്കകളൊരുക്കാനുള്ള കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഘട്ടംഘട്ടമായി ഓരോ പ്രദേശത്തെയും തദ്ദേശ സ്ഥാപനങ്ങളാണ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത്. കാര്യമായ നിർമ്മാണ പ്രവൃത്തികൾ ആവശ്യമില്ലാത്ത കേന്ദ്രങ്ങളാണ് ട്രീറ്റ്മെന്റ് സെന്ററുകളാക്കുന്നത്. ഓരോ മേഖലയിലെയും തദ്ദേശ സ്ഥാപനങ്ങളാണ് ഭക്ഷണം അടക്കമുള്ള അവശ്യവസ്തുക്കൾ എത്തിക്കുന്നത്.

കിടക്കകൾ

നിലവിൽ : 1,440

ഈമാസം ആവസാനത്തോടെ: 5,000

അടുത്തമാസം: 5,000 കൂടി

ആകെ: 10,000

പ്രവർത്തനം തുടങ്ങിയ സെന്ററുകളും കിടക്കകളും

വാളകം മേഴ്സി ആശുപത്രി: 150

കൊല്ലം ഹോക്കി സ്റ്റേഡിയം: 250

ലിറ്റിൽ ഫ്ലവർ വിളക്കുടി: 90

അസീസിയ മെഡിക്കൽ കോളേജ് ഹോസ്റ്റൽ: 90

ശാസ്താംകോട്ട സെന്റ് മേരീസ് ഹോസ്റ്റൽ: 150

ശാസ്താംകോട്ട ബി.എം.സി മെൻസ് ഹോസ്റ്റൽ: 110

വരും ദിവസങ്ങളിൽ തുടങ്ങുന്നവ

ഓടനാവട്ടം എ.കെ.എസ് ആഡിറ്റോറിയം: 100

ഹമ്ദാൻ ഫൗണ്ടേഷൻ ഇളമാട്: 120

കൊട്ടാരക്കര ബ്രദറൺ ഫോസ്പിൽ ഹാൾ: 180

ഇവാനിയോസ് സ്കൂൾ കലയപുരം: 200

''

അയ്യായിരം കിടക്കകൾ സജ്ജീകരിക്കാനുള്ള കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഏത് നിമിഷവും ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ 1,900 കിടക്കകളും സജ്ജമായി.

ഡോ. എസ്. ചിത്ര

ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ സ്പെഷ്യൽ ഓഫീസർ