കൊല്ലം: കാലം ഓൺലൈൻ യുഗത്തിന് വഴിമാറിയെങ്കിലും അരവിന്ദേട്ടന്റെ മൂന്നുചക്ര സൈക്കിൾ റിക്ഷ ഇന്നും കൊല്ലത്തിന്റെ 'രാജവീഥികളിൽ' പഴയ കഥകൾ ഓർമ്മിപ്പിച്ച് ഉരുണ്ടുനീങ്ങുകയാണ്. 'ഐ.ജി. കൃഷ്ണൻ നായർ ഈ സൈക്കിൾ റിക്ഷയിൽ ഒത്തിരി യാത്ര ചെയ്തതാ, പിന്നെ പൃഥ്വിരാജിന്റെ സെല്ലുലോയിഡ് സിനിമയിൽ അഭിനയിക്കാൻ ഞാനും എന്റെ റിക്ഷയുമുണ്ടായിരുന്നു' - ലോക്ക് ഡൗണിൽ ലോക്കായെങ്കിലും വണ്ടിയിൽ കൈ ചേർത്തുപിടിച്ച് സുഖമുള്ള ഓർമ്മകളിലേക്ക് സവാരി പോവുകയാണ് കൊല്ലം മുണ്ടയ്ക്കൽ പടിഞ്ഞാറ് വയലാർക്കര വീട്ടിൽ എഴുപത്തിയഞ്ചുകാരനായ അരവിന്ദാക്ഷൻ. രാജവീഥികൾക്ക് കുതിരാവേശം നൽകിയ പഴയ സൈക്കിൾ റിക്ഷകൾ ഇന്ന് അപൂർവമാണ്. സൈക്കിൾ റിക്ഷ ജീവിതമാർഗമാക്കിയ അത്യപൂർവ കഥയാണ് അരവിന്ദേട്ടന്റേത്. പണ്ട് മൂവായിരത്തിലേറെ സൈക്കിൾ റിക്ഷകളാണ് കൊല്ലത്തുണ്ടായിരുന്നത്. അടിയന്തരാവസ്ഥക്കാലത്ത് അച്ഛനൊപ്പം അരവിന്ദാക്ഷൻ ഉന്നതർക്കായി സൈക്കിൾ റിക്ഷ ഓടിച്ചിട്ടുണ്ട്. തിരുവനന്തപുരത്തേക്കും കൊല്ലത്തേക്കും ആലപ്പുഴയിലേക്കുമുള്ള ഒരുപാട് വഴികൾ ചവുട്ടിത്തീർത്തതാണ്. അൻപത് വർഷമായി ശരീരത്തിലെ ഒരവയവം പോലെയാണ് അരവിന്ദേട്ടന് റിക്ഷ. കഷ്ടിച്ച് മൂന്നുപേർക്ക് യാത്ര ചെയ്യാം. കുട്ടികളാണെങ്കിൽ അഞ്ചുപേരൊക്കെ കയറും. എത്ര ദൂരം വേണമെങ്കിലും ചവിട്ടിപ്പോകാൻ അരവിന്ദേട്ടൻ ഇപ്പോഴും തയ്യാറാണ്. ഇടയ്ക്കിടെ കാറ്റടിക്കണം, വല്ലപ്പോഴും പഞ്ചറൊട്ടിക്കണം എന്നല്ലാതെ മറ്റു ചെലവൊന്നുമില്ല. ഭാര്യ മരിച്ചു. മൂന്ന് പെൺമക്കളെ പഠിപ്പിച്ചതും കെട്ടിച്ചുവിട്ടതും ഇക്കാലം വരെ ജീവിച്ചതുമെല്ലാം ഈ സൈക്കിൾ റിക്ഷയിലൂടെയാണെന്ന് തലയുയർത്തി തന്നെ അരവിന്ദേട്ടൻ പറയുന്നു. കൊവിഡ് പ്രതിസന്ധിയിൽ നാലുമാസമായി ഓട്ടമില്ല. എങ്കിലും സ്കൂൾ തുറക്കുന്നതും കാത്ത് വീടിന് മുന്നിൽ സന്തത സഹചാരിയെ കരുതലോടെ സൂക്ഷിച്ചിരിക്കുകയാണ്, കൈവിടാത്ത മനസോടെ.
ഈ ജന്മം കൈവിടില്ല
പഴയ സൈക്കിൾ റിക്ഷകളെല്ലാം ആക്രി കടകളിൽ ചരമമടഞ്ഞു. കൂടെ പണിയെടുത്തവർ മറ്റ് മേഖലകളിലേക്ക് തിരിഞ്ഞെങ്കിലും അരവിന്ദേട്ടൻ സൈക്കിൾ റിക്ഷയെ കൈവിട്ടില്ല. ഇന്നിപ്പോൾ സ്‌കൂൾ കൂട്ടികളെ വിടാനും വിളിച്ചുകൊണ്ടുവരാനും മാത്രമായി ചുരുങ്ങി അരവിന്ദേട്ടന്റെ സവാരി. വല്ലപ്പോഴും കൗതുകത്തോടെ സവാരിക്കെത്തുന്നവരുമുണ്ട്. വലിയ വരുമാനമില്ലെങ്കിലും ജീവിച്ച് പോകാം.
''
മക്കളൊക്കെ സഹായിക്കുന്നുണ്ടെങ്കിലും റിക്ഷയെ കൈവിടാൻ കഴിയില്ല, അതെന്റെ കൂടെയുണ്ടാവും മരണം വരെ.
അരവിന്ദാക്ഷൻ