കൂറ്റൻ കടൽ പാറ്റയെ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നാണ് 14 കാലുകളുള്ള ഒരു ഭീമൻ പാറ്റയെ കണ്ടെത്തിയത്. സിംഗപ്പൂരിലെ ഗവേഷകരാണ് ഈ കണ്ടുപിടുത്തത്തിന് പിന്നിൽ. കണ്ടാൽ ഹോളിവുഡ് സിനിമകളിൽ കാണുന്ന അന്യഗ്രഹ ജീവികളെപോലിരിക്കും. സിംഗപ്പൂരിലെ നാഷണൽ യൂണിവേഴ്സിറ്റിയുടെ മറൈൻ സർവേയ്ക്കിടയിലാണ് ഭീമൻ കടൽപാറ്റയെ കണ്ടെത്തിയത്. 14 ദിവസത്തെ ഗവേഷണത്തിനിടയിൽ 12,000 ഓളം അപൂർവയിനം കടൽ ജീവികളെയാണ് സംഘം കണ്ടെത്തിയത്. ആദ്യമായാണ് ഇത്തരമൊരു ജീവിയെ കടലിൽ നിന്നും കണ്ടെത്തുന്നത്. പുതുതായി കണ്ടെത്തിയ ജീവിക്ക് ബാത്തിനോമസ് റക്സസ (Bathynomus raksasa) എന്നാണ് ഗവേഷകർ പേരിട്ടിരിക്കുന്നത്.
പാറ്റയുടെ വർഗത്തിൽ പെട്ട ജീവിയാണെങ്കിലും പാറ്റയെ പോലെ നിസാരക്കാരനല്ല പുതിയ ആൾ. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 20 ഇഞ്ചെങ്കിലും വലിപ്പമുണ്ട് ശരീരത്തിന്. ഇതുവരെ കണ്ടെത്തിയതിൽവച്ച് ഏറ്റവും വലിയ രണ്ടാമത്തെ ശ്ലേഷമോദരപ്രാണി (isopod) ആണിത്. ഗവേഷണത്തിൽ വേറെയും അപൂർവ ജീവികളെ കണ്ടെത്തിയിട്ടുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. 800 വ്യത്യസ്ത ജീവി വർഗങ്ങളെ കണ്ടെത്തിയതായി ഇവർ അവകാശപ്പെടുന്നു. ഇതിൽ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത ശാസ്ത്രം കണ്ടെത്താത്ത പന്ത്രണ്ടോളം ജീവികളുമുണ്ട്.