swapna-suresh

കൊല്ലം: "പരിഷ്കാരിപ്പെണ്ണിനെയാണ് ജയശങ്കർ കെട്ടിയതെന്ന് പറയുന്നത് കേട്ടു, ഇവിടങ്ങിനെ വരാറില്ല. രണ്ടുതവണ വന്നിരുന്നു. അന്ന് ഇത്തിരി അകലെ നിന്നാണ് കണ്ടത്"- കൊല്ലം ചന്ദനത്തോപ്പിനടുത്ത് താമസിക്കുന്ന വ്യാപാരിയുടെ വാക്കുകൾ. വ്യാപാരി പറയുന്ന ഈ പരിഷ്കാരി പെണ്ണ് ആരെന്നറിയാമോ? നയതന്ത്ര ചാനലിലൂടെയുള്ള സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ അറസ്റ്റ് ചെയ്ത സ്വപ്ന സുരേഷ്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട സ്വപ്നയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ ചാനലുകളിൽ കണ്ടപ്പോഴാണ് വ്യാപാരിയടക്കമുള്ള അയൽക്കാർ കഥാനായിക തങ്ങളുടെ പ്രദേശവാസിയും അയൽക്കാരനുമൊക്കെയായ ആളിന്റെ മരുമകളാണെന്ന് ശ്രദ്ധിച്ചത്. ഇദ്ദേഹത്തിന്റെ മൂത്ത മകന്റെ വിവാഹത്തിന് നാട്ടുകാരെ ആരെയും ക്ഷണിച്ചിരുന്നില്ല. ഗുരുവായൂർ വച്ചായിരുന്നു വിവാഹം. വീട്ടിൽ നിന്നും ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.- നാട്ടുകാർ പലരും ഓർത്തെടുക്കുന്നു.

'ഡെപ്യൂട്ടി കളക്ടർ'

വിവാഹ ശേഷം രണ്ടുതവണ മാത്രമാണ് സ്വപ്ന ജയശങ്കറിന്റെ വീട്ടിൽ വന്നിട്ടുള്ളത്. ആഡംബര കാറിലെത്തി തീർത്തും ഹൈടെക് രീതിയിലായിരുന്നു സ്വപ്ന പെരുമാറിയിരുന്നതെന്ന് അയൽക്കാർ ഓർക്കുന്നു. ജയശങ്കറിന്റെ അനുജന് സ്വപ്നയാണ് ജോലി തരപ്പെടുത്തി നൽകിയതെന്ന് പലരും പറയുന്നുണ്ട്. എന്നാൽ, ഇതിനെക്കുറിച്ച് കേട്ടറിവ് മാത്രമേ തങ്ങൾക്കുന്നുവെന്നും അതേക്കുറിച്ചൊന്നും കൂടുതൽ അറിയില്ലെന്നും നാട്ടുകാർ പറയുന്നു.

പക്ഷേ, ജയശങ്കർ ഡെപ്യൂട്ടി കളക്ടറാണെന്ന് പലരോടും പറയാറുണ്ട്. സ്വപ്ന ഉന്നതർക്ക് ജയശങ്കറിനെ പരിചയപ്പെടുത്തിയിരുന്നതും ഡെപ്യൂട്ടി കളക്ടർ എന്ന നിലയിലാണത്രേ. എന്നാൽ അതൊന്നും നാട്ടിലാരും വിശ്വസിച്ചിരുന്നില്ല. നാട്ടിൽ അധികം ബന്ധങ്ങളില്ലാത്ത ജയശങ്കർ വരുന്നതും പോകുന്നതും ആരും ശ്രദ്ധിക്കാറുമുണ്ടായിരുന്നില്ല. എന്നാൽ, സ്വർണക്കടത്തിൽ സ്വപ്നയുടെ പങ്ക് വെളിച്ചത്തു വന്നതോടെ നാട്ടുകാരുടെ കണ്ണേറെപ്പോഴും ഇവരുടെ വീട്ടിലേക്കാണ്.

ഓരോ ദിനങ്ങളിലും സ്വപ്നയുമായി ബന്ധപ്പെട്ട പുതിയ വാർത്തകൾ പുറത്തുവരുമ്പോൾ അയൽക്കാരുടെ വർത്തമാനത്തിലും സ്വപ്ന നിറയുകയാണ്. കൊല്ലത്തെ പ്രമുഖ ബ്യൂട്ടി പാർലർ ഉടമയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ആദ്യം കൊല്ലത്ത് എത്തിയിരുന്നു. തിരുവനന്തപുരത്ത് നിന്നും അർദ്ധരാത്രി കൊല്ലത്ത് എത്തിയ ആംബുലൻസിനെ പറ്റിയും അന്വേഷണമുണ്ടായിരുന്നു. എന്നാൽ ജയശങ്കറിന്റെ കൊല്ലത്തെ വീട്ടിലേക്ക് അന്വേഷണ സംഘം ഇതുവരെ എത്തിയില്ലെന്ന് നാട്ടുകാർ പറയുന്നു.