covid

കൊല്ലം: കഞ്ചാവ് കേസ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൊല്ലം എക്സൈസ് ഡിവിഷൻ ഓഫീസ് അടച്ചതിന് പിന്നാലെ അഞ്ചൽ എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കടയ്ക്കൽ സ്വദേശിയായ സിവിൽ എക്സൈസ് ഓഫീസറെ ആരോഗ്യവകുപ്പ് കൊവിഡ് ആശുപത്രിയിലേക്ക് മാറ്റി.

ഇയാളുമായി നേരിട്ട് സമ്പർക്കം പുലർത്തിയ എക്സൈസ് ഇൻസ്പെക്ടർ ഉൾപ്പെടെ ഏഴ് ജീവനക്കാരെ ക്വാറന്റൈനിലാക്കി. പൊതുജനങ്ങളുമായി ഇടപഴകുന്ന സർക്കാർ ജീവനക്കാരിൽ സമ്പർക്ക രോഗവ്യാപനം കണ്ടെത്തുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് സിവിൽ എക്സൈസ് ഓഫീസർക്ക് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ പതിനേഴിനാണ് എക്സൈസ് ജീവനക്കാരൻ അഞ്ചൽ ഗവ. ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയനായത്. ഇന്നലെയാണ് ഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയത്.

തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ‌ർ എക്സൈസ് ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു. ജീവനക്കാരന് രോഗം പിടിപെട്ടതെങ്ങനെയെന്ന് വ്യക്തമല്ല. ഇയാൾക്കൊപ്പം പരിശോധനയ്ക്ക് ഹാജരായ മറ്റ് ജീവനക്കാരുടെ ഫലം നെഗറ്റീവായിരുന്നു. ജീവനക്കാരനുമായി നേരിട്ട് ഇടപഴകിയവരെയും കുടുംബാംഗങ്ങളെയും നാളെ പരിശോധനയ്ക്ക് വിധേയരാക്കും. മുൻകരുതലെന്ന നിലയിൽ ഓഫീസ് ഏതാനും ദിവസത്തേക്ക് അടച്ചതായി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ പി.കെ. സനു അറിയിച്ചു.