അപ്രതീക്ഷിതമായി കരടിക്ക് മുന്നിൽപ്പെട്ടാൽ എന്തുചെയ്യും? പഴയ മല്ലന്റേയും മാതേവന്റേയും കഥ ഓർമ്മയുണ്ടല്ലോ. കരടിയെ പറ്റിക്കാൻ ചത്തതുപോലെ കിടന്ന മല്ലനെ മണത്ത് നോക്കി കരടി പോയി സ്ഥലംവിട്ടു എന്നാണ് കഥ.
എന്നാൽ, അടുത്തിടെ മെക്‌സിക്കോയിൽ കരടിക്ക് മുന്നിൽ അകപ്പെട്ട മൂന്നു സ്ത്രീകളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കരടിയെ കണ്ട് അനങ്ങാതെ നിന്ന സ്ത്രീകളെ മണത്തുനോക്കുകയാണ് കരടി ചെയ്തത്. ഇരുകാലിൽ ഉയർന്നുനിന്നാണ് കരടി ഇവരെ മണത്തുനോക്കിയത്. കാലിൽ തോണ്ടുന്നതല്ലാതെ ഏതെങ്കിലും രീതിയിൽ ഉപദ്രവിക്കുന്നതായി ദൃശ്യങ്ങളിലില്ല.
സംഭവം കണ്ടു നിൽക്കുന്ന മറ്റ് രണ്ടു സ്ത്രീകളും നിന്ന നിൽപ്പുതന്നെ തുടർന്നു. ഒന്ന് ശ്വാസം പോലും വിടുന്നില്ലെന്ന് തന്നെ പറയാം. യുവതിയെ മണത്തു നോക്കിയ ശേഷം കരടി സമീപത്തു തന്നെ നിലയുറപ്പിക്കുന്നു. അടുത്തു നിൽക്കുന്ന മറ്റൊരു യുവതി കരടിയെ ഓടിക്കാനായി അലറി വിളിക്കുന്നുണ്ടെങ്കിലും സംഗതി വിജയിക്കുന്നില്ല.
മെക്‌സിക്കോയിലെ ചിപിങ്‌ഗേ ഇക്കോളജിക്കൽ പാർക്കിലാണ് സംഭവം. കരടി അടുത്തുവരുമ്പോൾ അനങ്ങാതെ നിൽക്കുന്ന സ്ത്രീകൾ അതിന്റെ ശ്രദ്ധ തിരിയുമ്പോൾ ഓടിരക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. എന്തായാലും അപകടം പിടിച്ച അവസ്ഥയെ സ്ത്രീകൾ കൈകാര്യം ചെയ്ത രീതിയെ എല്ലാവരും അഭിനന്ദിക്കുകയാണ് .