സാധാരണഗതിയിൽ കടും പച്ച അല്ലെങ്കിൽ മണ്ണിന്റെ നിറത്തിലൊക്കെയാണ് നമ്മുടെ നാട്ടിൽ ആമകളെ കാണാറുള്ളത്. കൂട്ടത്തിൽ നക്ഷത്രആമകളാണ് സുന്ദരന്മാർ. എന്നാൽ നക്ഷത്ര ആമകളെയും വെല്ലുന്ന സൗന്ദര്യവുമായി ഒരാൾ അടുത്തിടെ പ്രത്യക്ഷപ്പെട്ടു, മഞ്ഞ നിറത്തിലുള്ള ആമ. ഒഡിഷയിലെ ബാലസോർ ജില്ലയിലെ സുജൻപുർ ഗ്രാമവാസികളാണ് അപൂർവമായ മഞ്ഞ ആമയെ കണ്ടെത്തിയത്. ഉടൻ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ വിളിച്ചറിയിക്കുകയും അവർ മഞ്ഞ ആമയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. ഇത്തരത്തിലൊരു ആമ അപൂർവമാണെന്നും താൻ ഇതുവരെ കണ്ടിട്ടില്ലെന്നും സ്ഥലത്തെ വൈൽഡ് ലൈഫ് വാർഡൻ ബനൂമിത്ര ആചാര്യ പറഞ്ഞു.
ശരീരം പൂർണമായും മഞ്ഞ നിറത്തിലുള്ള ആമയെയാണ് കണ്ടെത്തിയത്. ഐ.എഫ്.എസുകാരനായ സുശാന്ദ് നന്ദയാണ് അപൂർവ ആമയുടെ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ചത്. വീഡിയോ കണ്ട നിരവധി പേർ ഇതുപോലൊരു ആമയെ ആദ്യമായാണ് കാണുന്നതെന്ന് അഭിപ്രായപ്പെട്ടു. വർഷങ്ങൾക്ക് മുമ്പ് സിന്ധിൽ ഇതുപോലൊരു ആമയെ കണ്ടെത്തിയിരുന്നതായി സുശാന്ത് നന്ദ പറയുന്നു. ആമയുടെ കണ്ണുകൾക്ക് പിങ്ക് നിറമാണ്. ശരീരത്തിൽ പിഗ് മെന്റിന്റെ അഭാവം മൂലമുണ്ടാകുന്ന ആൽബിനിസം എന്ന അവസ്ഥയാകാം ആമയുടെ മഞ്ഞ നിറത്തിന് കാരണമെന്നാണ് വിദഗ്ധർ പറയുന്നത്.
പണ്ട് ആഫ്രിക്ക, ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ കാണപ്പെടുന്ന കട്ടികുറഞ്ഞ തോടോടുകൂടിയ ആമയെ ഒഡിഷയിലെ ദേവ്‌ലി അണക്കെട്ടിൽ നിന്ന് മീൻപിടിത്തക്കാർ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. അവർ ആമയെ വനംവകുപ്പിനെ ഏൽപ്പിക്കുകയുമ അവർ അതിനെ അണക്കെട്ടിലേക്കുതന്നെ തിരികെവിടുകയും ചെയ്തിരുന്നു.