അഞ്ചാലുംമൂട്: തൃക്കരുവ, പനയം പഞ്ചായത്തുകളെ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചതോടെ മത്സ്യലേലം നിലച്ചത് അഷ്ടമുടി കായലിനെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന മത്സ്യത്തൊഴിലാളിളെ പട്ടിണിയിലേക്ക് തള്ളിവിടുന്നു.
കടൽ മത്സ്യബന്ധനം നിരോധിച്ചതിനെ തുടർന്ന് കായൽ മത്സ്യങ്ങളുടെ വിപണി വർദ്ധിച്ചിരുന്നു. ആൾക്കൂട്ടത്തെ തുടർന്ന് അഞ്ചാലുംമൂട് പൊലീസ് ഇടപെട്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും ദോഷകരമല്ലാത്ത തരത്തിൽ മത്സ്യത്തൊഴിലാളികൾക്ക് വരുമാനം ലഭിച്ചിരുന്നു. കണ്ടെയ്ൻമെന്റ് സോണായതോടെ മത്സ്യബന്ധനവും വിപണനവും പൂർണമായി നിലയ്ക്കുകയായിരുന്നു.
അഷ്ടമുടി കായലിലെ മത്സ്യങ്ങൾ കൂടുതലായും ലേലം ചെയ്യുന്നത് തൃക്കരുവയിലെ സാമ്പ്രാണിക്കോടി ഫിഷ് ലാൻഡിംഗ് സെന്ററിലും പനയം പഞ്ചായത്തിലെ പെരുമൺ ജങ്കാർ കടവിന് സമീപവുമാണ്. ഈ ഭാഗങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ മത്സ്യബന്ധനവും വിപണനവും പൂർണമായും നിലച്ചു. ചീനവലകൾ ഭാഗികമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും വാങ്ങാൻ ആളെത്താത്തതിനാൽ വരുമാനം ലഭിക്കുന്നില്ല. മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കടൽത്തീരത്ത് താമസിക്കുന്നവർക്ക് മാത്രമാണ് ലഭിക്കുന്നതെന്ന ആക്ഷേപമുണ്ട്.
പെരുമണിൽ കൊവിഡ് സ്ഥിരീകരിച്ച അഭിഭാഷകന്റെ സമ്പർക്കപട്ടികയിൽ ഇരുന്നൂറോളം പേർ ഉൾപ്പെട്ടതിനെ തുടർന്നാണ് പനയം പഞ്ചായത്ത് മേഖല കണ്ടെയ്ൻമെന്റ് സോണായി മാറിയത്. തൃക്കരുവയിൽ കൊവിഡ് സ്ഥിരീകരിച്ച സി.പി.എം നേതാവിന്റെ സമ്പർക്കത്തെക്കുറിച്ച് ആശങ്ക നിലനിൽക്കുന്നുണ്ട്. തൃക്കരുവയിൽ 28 വയസുകാരി ഉൾപ്പെടെയുള്ളവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് തൃക്കരുവ കണ്ടെയ്ൻമെന്റ് സോണായി മാറിയത്.