asramam
ആശ്രമാം മൈതാനത്ത് ഒരുങ്ങുന്ന മിയാവാക്കി വനം

 ആശ്രാമത്ത് ഒരു വർഷത്തിനുള്ളിൽ വനം തയ്യാറാകും
കൊല്ലം: ചീവിടുകളുടെ ചിലമ്പൽ കേട്ട് സഞ്ചരിക്കാനും കാട്ടുപക്ഷി കൂട് കാണാനും കാട്ടുമരവള്ളികളിൽ ഊഞ്ഞാലാടാനും നഗരവാസികൾക്ക് ഇനി അധികം കാത്തിരിക്കേണ്ട. നഗരഹൃദയമായ ആശ്രാമം മൈതാനത്തിന്റെ വടക്ക് ഭാഗത്തായി ഒരുക്കുന്ന മിയാവാക്കി വനം രണ്ടടിയോളം ഉയരത്തിൽ വളർന്നുകഴിഞ്ഞു. ഒൻപത് മാസം കൂടി കഴിയുമ്പോൾ പച്ചപ്പ് നിറഞ്ഞ വനമായി ഇവിടം മാറും.

മൈതാനത്തെ 20 സെന്റ് സ്ഥലത്താണ് കേരളാ ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെയും ഡി.ടി.പി.സിയുടെയും നേതൃത്വത്തിൽ നേച്ചേഴ്സ് ഗ്രീൻ ഗാർഡിയൻ ഫൗണ്ടേഷന്റെ സാങ്കേതിക സഹായത്തോടെ മിയാവാക്കി വനം ഒരുക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് പദ്ധതിയുടെ ലക്ഷ്യം.

3100 വൃക്ഷത്തൈകളാണ് കഴിഞ്ഞ മാർച്ച് പകുതിയോടെ നട്ടത്. നാല് മാസത്തിനിടെ എല്ലാ വൃക്ഷത്തൈകളും ഒന്നരയടിയിലേറെ വളർന്നു. ഇനിയുള്ള ഒൻപത് മാസത്തിനിടെ തൈകൾ വളർന്ന് വനത്തിന്റെ പ്രീതിയാകും. അപ്പോഴേക്കും ജനങ്ങൾക്ക് സന്ദർശനത്തിനായി കാടിനുള്ളിലൂടെ വഴിയൊരുക്കും.

 60 ഇനം വൃക്ഷങ്ങൾ

സംസ്ഥാനത്തെ വനമേഖലകളിൽ കാണപ്പെടുന്ന തനത് വൃക്ഷങ്ങളായ മരോട്ടി, മരുത്, കാഞ്ഞിരം, അശോകം, ആൽ തുടങ്ങിയ വൃക്ഷങ്ങൾക്ക് പുറമേ പക്ഷികളെ ആകർഷിക്കാൻ പൊൻകൊരണ്ടി, മാവ്, അത്തി, തൊണ്ടി തുടങ്ങിയ ഫലവൃക്ഷങ്ങളും ഇവിടെ വച്ചുപിടിപ്പിച്ചിട്ടുണ്ട്.

 പ്ളാന്റിംഗ് രീതി

ഒരു മീറ്റർ ആഴത്തിൽ കുഴിയെടുത്ത് ചാണകവും ചകിരിച്ചോറും ജൈവവളങ്ങളും അടങ്ങിയ മിശ്രിതം നിറയ്ക്കും. അതിനുശേഷം തറനിരപ്പിൽ നിന്ന് ഒരടി ആഴത്തിൽ മൂന്ന് മാസം വളർച്ചയെത്തിയ വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കും. വേരുപിടിച്ച് തുടങ്ങുമ്പോൾ തന്നെ സമൃദ്ധമായ വളം പിടിച്ച് വൃക്ഷത്തൈ വേഗത്തിൽ വളരും. ഒരു വർഷം കൊണ്ട് പത്ത് വർഷത്തെ വളർച്ച നേടുമെന്നതാണ് മിയാവാക്കി വനങ്ങളുടെ പ്രത്യേകത. പത്ത് വ‌ർഷം കൊണ്ട് 150 വർഷത്തെ വളർച്ച പ്രാപിക്കും.

 20 സെന്റ് സ്ഥലം

 3100 വൃക്ഷത്തൈകൾ