photo
തകർച്ച നേരിടുന്ന കോഴിക്കോട് പുത്തൻചന്തയിലെ ബോട്ട് ജെട്ടി.

കരുനാഗപ്പള്ളി: കായലോര വിനോദ സഞ്ചാരത്തെ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഉൾനാടൻ ജലഗതാഗത വകുപ്പ് കോഴിക്കോട് പുത്തൻചന്തയിൽ നിർമ്മിച്ച ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ബോട്ട് ജെട്ടി തകർച്ചയുടെ വക്കിൽ. 10 വർഷങ്ങൾക്ക് മുൻപ് 28 ലക്ഷം രൂപ ചെലവഴിച്ചാണ് ടി.എസ് കനാലിന്റെ തീരമായ പുത്തൻചന്തയിൽ ബോട്ട് ജെട്ടി നിർമ്മിച്ചത്. തീരത്തു നിന്ന് മൂന്നര മീറ്രർ കായലിലേക്ക് തള്ളി നിറുത്തി കോൺക്രീറ്റ് പില്ലറുകളിട്ടാണ് ബോട്ട് ജെട്ടിയുടെ ഫ്ലാറ്റ് ഫോം നിർമ്മിച്ചത്. ബോട്ട് ജെട്ടിയുടെ മദ്ധ്യഭാഗത്തായി പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് കൂരയും നിർമ്മിച്ചു. യാത്രക്കാർ കായലിലേക്ക് വഴുതി വീഴാതിരിക്കാൻ ചുറ്റും സ്റ്റീൽ പൈപ്പ് ഉപയോഗിച്ച് വേലിയുണ്ടാക്കി. കാലപ്പഴക്കം മൂലം ഫ്ലോറ്റ് ഫോമിന്റെ വശങ്ങളിലുള്ള വേലികൾ തകർന്ന് കായലിൽ പതിച്ചു. ശേഷിക്കുന്ന മേൽക്കൂരയും ഏത് സമയവും തകർന്ന് വീഴാവുന്ന അവസ്ഥയിലാണെന്ന് പ്രദേശവാസികൾ പറയുന്നു.

വർഷങ്ങൾക്ക് മുമ്പ് സർവീസ് ബോട്ടുകളുടെ ഇടത്താവളം

ആലപ്പാട് ഗ്രാമ പഞ്ചായത്തിന്റെ തെക്കൻ മേഖലയായ പണ്ടാരതുരുത്ത് തുറയെയും കരുനാഗപ്പള്ളിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന കടത്തു കടവിലാണ് ബോട്ട് ജെട്ടി നിർമ്മിച്ചത്. കാൽ നൂറ്റാണ്ടിന് മുമ്പ് വരെ കൊല്ലത്തു നിന്ന് ആലപ്പുഴയ്ക്ക് പോകുന്ന സർവീസ് ബോട്ടുകളുടെ ഇടത്താവളമായിരുന്നു പുത്തൻചന്ത. ഉദ്യോഗസ്ഥർ വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചാൽ തകർച്ച നേരിടുന്ന ബോട്ട് ജെട്ടികളെ സംരക്ഷിക്കാമെന്ന് നാട്ടുകാർ പറയുന്നു.

യഥാസമയത്ത് അറ്റകുറ്റപ്പണി നടത്താത്തതാണ് ബോട്ട് ജെട്ടിയുടെ തകർച്ചയുടെ മുഖ്യകാരണം

എൻ. സുഭാഷ്ബോസ് ,​ കരുനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ

4 ബോട്ട് ജെട്ടികൾ: സംരക്ഷിക്കപ്പെടുന്നത് ഒന്ന് മാത്രം

ടി.എസ്.കനാൽ, പള്ളിക്കലാർ, കൊതിമുക്ക് വട്ടക്കായൽ എന്നിവയെ ബന്ധിപ്പിച്ച് കായലോര വിനോദ സഞ്ചാരം വികസിപ്പിക്കുന്ന പദ്ധതി കരുനാഗപ്പള്ളി നഗരസഭ സർക്കാരിന് സമർപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമെന്ന നിലയിലാണ് കന്നേറ്റി ശ്രീനാരായണ ഗുരു ബോട്ട് ക്ലബ്,​ കോഴിക്കോട് പുത്തൻചന്ത, ആലുംകടവ്, വള്ളിക്കാവ് എന്നിവിടങ്ങളിൽ 4 ബോട്ട് ജെട്ടികൾ നിർമ്മിച്ചത്. ഇപ്പോൾ സംരക്ഷിക്കപ്പെടുന്നത് കന്നേറ്റി ബോട്ട് ജെട്ടി മാത്രമാണ്. മറ്റുള്ളവയെല്ലാം തകർച്ചയുടെ വക്കിലാണ്.

10 വർഷങ്ങൾക്ക്

മുൻപ് 28 ലക്ഷം രൂപ

ചെലവഴിച്ചാണ് ടി.എസ് കനാലിന്റെ തീരമായ പുത്തൻചന്തയിൽ ബോട്ട് ജെട്ടി നിർമ്മിച്ചത്