പുനലൂർ: കൊവിഡ് വ്യാപനം കണക്കിലെടുത്ത് പുനലൂർ നഗരസഭയിൽ ഫസ്റ്റ് ലൈൻ ചികിത്സാ സംവിധാനം ഒരുക്കാൻ രണ്ട് ആഡിറ്റോറിയങ്ങൾ നഗരസഭ അധികൃതർ ഇന്നലെ ഏറ്റെടുത്തു. ആരംപുന്നയിലെ സിംഫണി,കുതിരച്ചിറയിലെ കെ. ജി. എന്നീ ആഡിറ്റോറിയങ്ങളാണ് നഗരസഭ ചെയർമാൻ കെ. എ. ലത്തിഫിന്റെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥർ ഏറ്റെടുത്തത്. രണ്ട് ആഡിറ്റോറിയങ്ങളിലായി 400 കിടക്കകളും, മറ്റ് അനുബന്ധ സൗകര്യങ്ങളും ഉടൻ തയ്യാറാക്കും.ഇതിൽ ഒരു ആഡിറ്റോറിയം സ്ത്രീകൾക്ക് വേണ്ടിയാണ്. ഇനിയും ആവശ്യമെന്ന് കണ്ടാൽ കൂട്ടുതൽ ആഡിറ്റോറിയങ്ങളും സ്കൂളുകളും കണ്ടെത്തും. .നിരീക്ഷണത്തിലെത്തുന്നവരെ പാർപ്പിക്കാൻ ലക്ഷ്യമിട്ടാണ് നഗരസഭയിൽ സൗകര്യങ്ങൾ ഒരുക്കുന്നത്. ഒരു ആഡിറ്റോറിയത്തിലേക്കാവശ്യമായ 200 കട്ടിലുകൾ ടിംബർ മർച്ചന്റ് യൂണിയൻ സ്പോൺസർ ചെയ്തിട്ടുണ്ട്. മറ്റെരു ആഡിറ്റോറിയത്തിലേക്ക് ആവശ്യമായ കിടക്കകളും മറ്റ് അനുബന്ധ സാധാനങ്ങളും നഗരസഭയുടെ തനത് ഫണ്ട് ഉപയോഗിച്ചു വാങ്ങും. പുനലൂർ ഗവ.താലൂക്ക് ആശുപത്രിയെ കൊവിഡ് ആശുപത്രിയായി സർക്കാർ ഏറ്റെടുക്കാൻ സാദ്ധ്യതയുണ്ട്. എന്നാൽ ഇവിടെ എത്തിക്കൊണ്ടിരുന്ന രോഗികളെ ചികിത്സിക്കാൻ സമീപത്തെ സ്വകാര്യ ആശുപത്രികൾ നഗരസഭ ഏറ്റെടുക്കും.ഇതിനുള്ള സംവിധാനം നഗരസഭ ഒരുക്കി നൽകും. കരവാളൂർ, തെന്മല, അഞ്ചൽ, ആര്യങ്കാവ് പഞ്ചായത്തുകളിലും ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രം ഒരുക്കി വരികയാണ്. സബ് കളക്ടർ റഹീം, നഗരസഭ സെക്രട്ടറി ജി. രേണുകാദേവി, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ സുഭാഷ്. ജി നാഥ്, എ .ഡി .എം തുടങ്ങിയ നിരവധി ഉദ്യോഗസ്ഥരും ആഡിറ്റോറിയങ്ങൾ ഏറ്റെടുക്കാൻ എത്തിയിരുന്നു.