കൊല്ലം: കൊവിഡ് നാടാകെ പരക്കുന്ന സാഹചര്യത്തിൽ ഭീതിയിലാണ് പലരും. ജീവൻ പോലും നഷ്ടമാകുന്ന മഹാമാരിയിൽ നിന്ന് രക്ഷപെടാൻ അവനവൻ തന്നെ വിചാരിച്ചെങ്കിലേ പറ്റൂ എന്ന് സർക്കാരിന്റെ ഭാഗത്തുനിന്ന് നിരന്തരം അറിയിപ്പു ലഭിച്ചിട്ടും ഇതൊന്നും പുത്തരിയല്ലെന്ന ഭാവത്തിൽ മുന്നോട്ട് പോകുകയാണ് പുത്തൂരുകാർ. പുത്തൂർ ടൗണിൽ ആൾക്കൂട്ടത്തിന് ഒരു കുറവുമില്ല. എ.ടി.എമ്മിലും ബാങ്കുകളിലും വ്യാപാര സ്ഥാപനങ്ങളിലുമൊക്കെ വലിയ തിരക്കുകൾ തന്നെ. വൈകുന്നേരങ്ങളിൽ ചന്തയിൽ ഉണക്കമീൻ കച്ചവടവും പൊടിപൊടിക്കുന്നുണ്ടെന്നാണ് പരാതി. പുത്തൂരിന്റെ രണ്ടറ്റങ്ങളായ കൊട്ടാരക്കരയും കുന്നത്തൂരും കൊവിഡ് സ്ഥിരീകരിച്ചതിന്റെ കടുത്ത നിയന്ത്രണങ്ങളിലാണ്. രണ്ടിടങ്ങളിൽ നിന്നുള്ള യാത്രക്കാരും പുത്തൂരിൽ ഇറങ്ങുന്നുണ്ട്. കൊട്ടാരക്കര കണ്ടെയ്ൻമെന്റ് സോണായതോടെ മദ്യശാലകൾ പൂട്ടി. അതുകൊണ്ടുതന്നെ മദ്യം വാങ്ങാനെത്തുന്നവരുടെ തിരക്കും പുത്തൂരിലുണ്ട്. മാസ്ക് നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും നിയന്ത്രിക്കാൻ ആളില്ലാത്തതിനാൽ പലരും ഉപയോഗിക്കുന്നില്ല. പച്ചക്കറി കടകളിലും സൂപ്പർമാർക്കറ്റുകളിലും സാധാരണയിൽ കവിഞ്ഞ തിരക്കാണുള്ളത്. കൊട്ടാരക്കരയിലെത്തേണ്ടവരൊക്കെ സാധനം വാങ്ങാൻ പുത്തൂരിനെ ആശ്രയിക്കുകയാണ്. ആൾക്കൂട്ടം കൊവിഡ് പരത്തുമെന്ന ഭീതിയിലാണ് ആരോഗ്യ പ്രവർത്തകർ. രോഗ വ്യാപനമുണ്ടായിട്ട് നിയന്ത്രണം ഏർപ്പെടുത്തിയിട്ട് പ്രയോജനമില്ലെന്ന് പറയുമ്പോഴും പുത്തൂരിൽ ഇതൊന്നും ബാധകമല്ലെന്ന സ്ഥിതിയാണ്. എ.ടി.എമ്മിലടക്കമുള്ള ആൾക്കൂട്ടത്തിന്റെ ചിത്രങ്ങൾ സഹിതം റൂറൽ എസ്.പി ഹരിശങ്കറിന് പലരും പരാതി അറിയിച്ചിട്ടുണ്ട്.
ചന്തയിൽ ഉണക്കമീൻ കച്ചവടം പൊടിപൊടിക്കുന്നു
ആൾക്കൂട്ടത്തിന് ഒരു കുറവുമില്ല
കൊട്ടാരക്കരയിൽ മദ്യമില്ല എങ്കിൽ പുത്തൂരിൽ നിന്നായിക്കോട്ടേ..
മാസ്ക് വെക്കാൻ ഞങ്ങളെ കിട്ടില്ല
ഭയപ്പാട് ആരോഗ്യപ്രവർത്തകർക്ക് മാത്രം
അടിയന്തിര നടപടി കൈക്കൊള്ളും
എസ്.പി ഹരിശങ്കർ