കൊല്ലം: ജില്ലയിൽ ഓരോ ദിവസവും കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതിനൊപ്പം സമ്പർക്കത്തിലൂടെയുള്ള രോഗ വ്യാപനവും നിലയ്ക്കാതെ തുടരുന്നു. ഇന്നലെ 76 പേർക്കാണ് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ 291 പേരാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
കൊവിഡ് റിപ്പോർട്ട് ചെയ്യുന്ന സ്ഥലം ഉൾപ്പെടുന്ന തദ്ദേശ സ്ഥാപന പരിധി പൂർണമായും കണ്ടെയ്ൻമെന്റ് സോണാക്കിയിട്ടും കൂടുതൽ പേരിലേക്ക് കൊവിഡ് പടരുകയാണ്. ചിലരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമാകാത്തതും ആശങ്ക കടുപ്പിക്കുന്നു. ഇത്തരം പ്രദേശങ്ങൾ പ്രത്യേക ക്ലസ്റ്ററുകളാക്കി പരിശോധനയും ബോധവത്കരണവും ഊർജ്ജിതമാക്കിയിട്ടുണ്ട്.
അന്യദേശങ്ങളിൽ നിന്ന് എത്തുന്നവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും കൊവിഡ് ബാധിച്ചിരുന്ന അവസ്ഥയിൽ നിന്നാണ് സമ്പർക്ക വ്യാപനം രൂക്ഷമായത്. പാരിപ്പള്ളി മെഡിക്കൽ കോളേജിന് പുറമേ വാളകം മേഴ്സി ആശുപത്രിയിൽ ആരംഭിച്ച ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റിലും രോഗീ പരിചരണം ചുരുങ്ങുന്ന പ്രതീക്ഷയായിരുന്നു ഒരു ഘട്ടത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ജില്ലയിലെ രണ്ടാം കൊവിഡ് സെന്ററായ ജില്ലാ ആശുപത്രിയിലും കഴിഞ്ഞ ദിവസം രോഗികളെ പ്രവേശിപ്പിച്ചു. ഇതിന് പുറമേ അഞ്ച് പുതിയ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റുകളിലും കൊവിഡ് ബാധിതർ ചികിത്സയിലാണ്. ശാസ്താംകോട്ടയിലും ചവറയിലും ആദ്യം കൊവിഡ് സ്ഥിരീകരിച്ച മത്സ്യവ്യാപാരികൾ രോഗമുക്തരായതായി സൂചനയുണ്ട്.
ആംബുലൻസുകൾ കിട്ടാനില്ല
കൂടുതൽ പേരിൽ കൊവിഡ് സ്ഥിരീകരിച്ച് തുടങ്ങിയതോടെ രോഗലക്ഷണങ്ങൾ ഉള്ളവരെ പരിശോധനയ്ക്ക് കൊണ്ടുപോകാൻ ആംബുലൻസുകൾ ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാകുന്നു. സ്വകാര്യ വാഹനങ്ങളിൽ സ്വന്തം നിലയിൽ പരിശോധനയ്ക്കെത്താനാണ് ആരോഗ്യവകുപ്പ് അധികൃതർ നിർദ്ദേശിക്കുന്നത്.
ഒരാഴ്ചയ്ക്കിടയിൽ കൊവിഡ് സ്ഥിരീകരിച്ചവർ, സമ്പർക്കത്തിലൂടെ പടർന്നവർ
21ന്: 85, 76
20ന്: 79, 71
19ന്: 75, 61
18ന്: 53, 35
17 ന്:47, 20
16ന്: 42, 20
15ന്: 11,8
വ്യാപന മേഖലകളിൽ ഇപ്പോൾ ചികിത്സയിലുള്ളവർ
തലച്ചിറ: 45
ചവറ:3
ശാസ്താംകോട്ട: 34
ഇരവിപുരം: 14
നെടുമ്പന: 9
അഞ്ചൽ:12
പൊഴിക്കര: 4
നിലവിൽ ചികിത്സയിലുള്ളവർ: 573
സമ്പർക്കത്തിലൂടെ ബാധിച്ചവർ 428
അന്യദേശത്ത് നിന്നെത്തിയവർ 514
ആകെ രോഗം ബാധിച്ചത് : 942